പൊതുമാപ്പ്‌; ഇന്ത്യൻ എംബസ്സിയിൽ നാളെ മുതൽ ഹെൽപ് ഡെസ്ക് ആരംഭിക്കും.

  • 25/11/2020

കുവൈത്ത് സിറ്റി :രാജ്യത്തെ താമസ നിയമ ലംഘകരായ ഇന്ത്യക്കാര്‍ക്ക് തിരികെ പോകുവാന്‍ ഇന്ത്യന്‍ എംബസ്സിയില്‍ ഹെല്‍പ്പ്ഡെസ്ക് ആരംഭിക്കുമെന്ന് അംബാസിഡര്‍ സിബി ജോര്‍ജ്ജ് അറിയിച്ചു.കഴിഞ്ഞ ദിവസം കുവൈത്ത് സര്‍ക്കാര്‍ രാജ്യത്ത് ഭാഗിക പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് താമസിക്കുന്ന  താമസ ലംഘകരായ വിദേശികള്‍ക്ക് പിഴകള്‍ അടച്ച് കൊണ്ട് നിയമപരമായി നാട്ടിലേക്ക് പോകുവാനുള്ള അവസരമാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഒരുക്കുന്നത്.ഡിസംബര്‍  ഒന്ന് മുതല്‍  31 വരെയാണ് ഭാഗിക പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. നിയമപരമായി പിഴകള്‍ അടച്ച് കൊണ്ട് നാട്ടിലേക്ക്  പോകുന്ന വിദേശികള്‍ക്ക് പുതിയ വിസയില്‍ തിരികെ സാധിക്കും. ഈ കാലയളവില്‍ താമസ രേഖ നിയമ വിധേയമാകാത്ത കുടിയേറ്റ ലംഘകരെ പിടികൂടി നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 

താല്‍ക്കാലിക വിസയില്‍ ( ആര്‍ട്ടിക്കള്‍ 14 ) രാജ്യത്ത് കഴിയുന്ന വിദേശികളും നവംബര്‍ 30 ന് മുമ്പായി  നാട്ടിലേക്ക് തിരികെ പോകണം. അല്ലാത്തവര്‍ കുടിയേറ്റ നിയമങ്ങള്‍ക്ക് അനുസരിച്ച്  താല്‍ക്കാലിക വിസ നിയമ വിധേയമാക്കണമെന്നും അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ ഫോറിന്‍ റസിഡന്‍സ് ആക്ട് അനുസരിച്ച് മാതൃ രാജ്യത്തേക്ക് തിരിച്ചയക്കുമെന്നും അധികൃതര്‍ അറിയിച്ചു.  അത്തരക്കാര്‍ക്ക് രാജ്യത്തെ പിന്നീട് തിരികെ പ്രവേശിക്കുവാന്‍ അനുമതി ഉണ്ടായിരിക്കില്ലെന്ന്  മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി. 

ഇന്ന് എംബസ്സിയില്‍ നടന്ന ഓപ്പണ്‍ ഫോറത്തിലാണ് പ്രത്യേക കൗണ്ടർ തുറന്ന് പ്രവർത്തിക്കുന്ന കാര്യം അംബാസിഡര്‍ പ്രഖ്യാപിച്ചത്. പാസ്പോർട്ട് കൈവശമില്ലാത്ത ഇന്ത്യക്കാര്‍ എമർജൻസി സർട്ടിഫിക്കറ്റിനായി അപേക്ഷിക്കണം. നേരത്തെ എമർജൻസി സർട്ടിഫിക്കറ്റ് കൈവശപ്പെടുത്തിയവര്‍ക്ക് അത് ഉപയോഗിക്കാം,  
എന്നാൽ കാലാവധി കഴിഞ്ഞ ഔട്പാസ് എംബസിയിൽ നേരിട്ടെത്തി  കാലാവധി പുതുക്കാവുന്നതാണ് . താമസ രേഖ നിയമവിധേയമാക്കുവാന്‍ ആഗ്രഹിക്കുന്ന  പാസ്പോര്‍ട്ട് കൈവശമില്ലാത്തവര്‍ എംബസ്സിയുമായി ബന്ധപ്പെട്ടാല്‍ രേഖകള്‍ ശരിയാക്കി നല്‍കുമെന്നും സിബി ജോര്‍ജ്ജ് അറിയിച്ചു. 

നേരത്തെ കുവൈത്തിലെ ഇന്ത്യന്‍ ബിസ്സിനസ് മേഖലയിലുള്ളവരെ സംഘടിപ്പിച്ച് രൂപീകരിച്ച ഇന്ത്യന്‍ ബിസിനസ്സ് ഫോറം മാതൃകയില്‍ രാജ്യത്തിലെ പ്രവാസി ഇന്ത്യക്കാരായ പ്രൊഫഷനുകളെ ഉള്‍പ്പെടുത്തി ഇന്ത്യന്‍ പ്രൊഫഷണല്‍ ഫോറം രൂപീകരിക്കുമെന്ന് സ്ഥാനപതി അറിയിച്ചു. വ്യത്യസ്ഥ മേഖലയില്‍ കഴിവ് തെളിയിച്ചവരെ ഒന്നിച്ചു ചേര്‍ക്കുന്നതിലൂടെ രാജ്യങ്ങളുടെ പുരോഗതി കൈവരിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Related News