യൂസഫലിക്ക് അബുദാബി സർക്കാരിന്റെ ആദരവ്

  • 10/04/2021

അബുദാബി: പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിക്ക് അബുദാബി സർക്കാരിന്റെ ആദരവ്. യു.എ.ഇ.യുടെ വിശേഷിച്ച് അബുദാബിയുടെ വാണിജ്യ-വ്യവസായ മേഖലകളിൽ നൽകിയ സംഭാവനകൾക്കും ജീവകാരുണ്യ രംഗത്ത് നൽകുന്ന മികച്ച പിന്തുണക്കുമുള്ള അംഗീകാരമായാണ് ഉന്നത സിവിലിയൻ അബുദാബി അവാർഡിന് യൂസഫലി അർഹനായിരിക്കുന്നത്. അബുദാബി അൽ ഹൊസൻ പൈതൃക മന്ദിരത്തിൽ വെച്ച് നടന്ന ചടങ്ങിൽ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുരസ്‌കാരം യൂസഫലിക്ക് സമ്മാനിച്ചു.

ഏറെ വിനയത്തോടെയും അഭിമാനത്തോടെയുമാണ് അബുദാബി സർക്കാരിന്റെ ഈ ബഹുമതിയെ കാണുന്നതെന്ന് അവാർഡ് സ്വീകരിച്ചതിനുശേഷം എം.എ.യൂസഫലി പറഞ്ഞു. കഴിഞ്ഞ 47 വർഷമായി അബുദാബിയിലാണ് താമസം. 1973 ഡിസംബർ 31 നാണ് പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായും യു.എ.ഇ. യിൽ എത്തിയത്. വെല്ലുവിളികളും കയറ്റിറക്കങ്ങളും പിന്നിട്ടാണ് ഇന്ന് ഇവിടെ എത്തി നിൽക്കുന്നത്. ഈ രാജ്യത്തിന്റെ ദീർഘദർശികളും സ്ഥിരോത്സാഹികളുമായ ഭരണാധികാരികളോട് പ്രത്യേകിച്ച് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോട് നന്ദി രേഖപ്പെടുത്തുന്നുവെന്നും യൂസഫലി പറഞ്ഞു.

ഇന്ന് ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് യു.എ.ഇ. എന്ന മഹത്തായ രാജ്യത്തിന്റെ ഭരണാധികാരികളുടെയും ഇവിടെ വസിക്കുന്ന സ്വദേശികളും മലയാളികൾ ഉൾപ്പെടുന്ന പ്രവാസി സമൂഹത്തിന്റെയും പിന്തുണയും പ്രാർത്ഥനകളും കൊണ്ടാണ്. തനിക്ക് ലഭിച്ച ഈ ബഹുമതി പ്രവാസി സമൂഹത്തിന് സമർപ്പിക്കുന്നുവെന്നും യൂസഫലി കൂട്ടിച്ചേർത്തു.

മൂന്ന് വനിതകൾ ഉൾപ്പെടെ മറ്റ് പതിനൊന്ന് പേരാണ് യൂസഫലിയെ കൂടാതെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് രണ്ട് വർഷത്തിലൊരിക്കൽ നൽകുന്ന ബഹുമതിക്ക് അർഹരായിരിക്കുന്നത്. ഈ വർഷം പുരസ്‌കാരം ലഭിച്ച ഏക ഇന്ത്യക്കാരനും യൂസഫലിയാണ്. 2005 ൽ പ്രവാസി ഭാരതീയ സമ്മാൻ, 2008 ൽ പത്മശ്രീ പുരസ്‌കാരം, 2014 ൽ ബഹ്‌റൈൻ രാജാവിന്റെ ഓർഡർ ഓഫ് ബഹ്‌റൈൻ, 2017-ൽ ബ്രിട്ടീഷ് രാജ്ഞിയുടെ ക്വീൻസ് പുരസ്‌കാരം എന്നിങ്ങനെ യൂസഫലിക്ക് ലഭിച്ച പുരസ്‌കാരങ്ങൾ നിരവധിയാണ്. ഇത് കൂടാതെ യു.എ.ഇ., സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ പ്രവാസികൾക്ക് നൽകുന്ന ആദ്യത്തെ ആജീവനാന്ത താമസ വിസക്ക് അർഹനായതും യൂസഫലിയാണ്.

Related News