ബഹിരാകാശത്തേക്ക് വീണ്ടും വനിതയെ അയക്കാൻ ഒരുങ്ങി യുഎഇ; പേരുകൾ പ്രഖ്യാപിച്ചു

  • 10/04/2021

ദുബായ്: ബഹിരാകാശത്തേക്ക് വീണ്ടും വനിത അടക്കം രണ്ടുപേരെ അയക്കാൻ ഒരുങ്ങി യുഎഇ. ദുബായ് ഭരണാധികാരിയും, യുഎഇ പ്രധാനമന്ത്രിയും, യുഎഇ വൈസ് പ്രസിഡൻറുമായ ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും ഇവരുടെ പേരുകൾ പ്രഖ്യാപിച്ചു. 

നൂറ അൽ മത്രോഷിയാണ് യുഎഇ ബഹിരാകാശത്തേക്ക് അയക്കുന്ന ആദ്യത്തെ വനിത. ഇവർക്കൊപ്പം മുഹമ്മദ് അൽ മുല്ലയും ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്ന യുഎഇയുടെ രണ്ടാമത്തെ ദൗത്യത്തിൻറെ ഭാഗമാകും. 1993 ൽ ജനിച്ച നൂറ ദുബായിലെ നാഷണൽ പെട്രോളിയം കൺസ്ട്രക്ഷനിൽ എഞ്ചിനീയറായി സേവനം അനുഷ്ഠിക്കുകയാണ്. അൽ മുല്ല 1988 ലാണ് ജനിച്ചത്. ഇദ്ദേഹം ദുബായി പൊലീസിൽ പൈലറ്റായും, പൊലീസ് ട്രെയിനിംഗ് ഡിവിഷൻ തലവനായും സേവനം അനുഷ്ഠിക്കുന്നു.

യുഎഇയിൽ നിന്നുള്ള 4,000 അപേക്ഷകൾ പരിഗണിച്ചാണ് ഈ രണ്ടുപേരെ തിരഞ്ഞെടുത്തത്. ഇരുവരും അമേരിക്കയിലെ ഹൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്പേസ് സെൻററിൽ പരിശീലനത്തിലാണ്. നൂറയുടെ ദൗത്യം വിജയകരമായാൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ അറബ് സ്ത്രീയെന്ന ചരിത്ര നേട്ടമാണ് അവരെ കാത്തിരിക്കുന്നത്. 

2019ലാണ് ഹാസ അൽ മൻസൂരി യുഎഇയുടെ ആദ്യത്തെ ബഹിരാകാശ യാത്രികനായത്. എട്ട് ദിവസമാണ് ഇദ്ദേഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ താമസിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് യുഎഇ തങ്ങളുടെ ചൊവ്വ ദൗത്യം 'ഹോപ്പ്' പൂർത്തീകരിച്ചത്. ബഹിരാകാശ രംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിക്കാനുള്ള ഗൾഫ് രാജ്യത്തിൻറെ താൽപ്പര്യമാണ് പുതിയ നീക്കത്തിലൂടെ ശാസ്ത്രലോകം ഇതിലൂടെ നിരീക്ഷിക്കുന്നത്.

Related News