കെ. കെ. ബി., കെ. സി. വൈ. എൽ., ബിഡികെ സംയുക്ത റമദാൻ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.

  • 17/04/2021

കുവൈത്ത് സിറ്റി: കെ. കെ. ബി. സ്പോർട്സ് ക്ലബ്ബും, കുവൈറ്റ് ക്നാനായ യൂത്ത് ലീഗും സംയുക്തമായി, ബ്ലഡ് ഡോണേഴ്സ് കേരള, കുവൈത്ത് ചാപ്റ്ററിന്റെ സഹകരണത്തോടെ റമദാൻ സ്പെഷ്യൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. റമദാൻ വ്രതാനുഷ്ഠാനക്കാലത്ത് ഉണ്ടാകുവാൻ സാധ്യതയുള്ള രക്തക്ഷാമം നേരിടുന്നതിനായി, സെൻട്രൽ ബ്ലഡ് ബാങ്കിന്റെ പ്രത്യേക അഭ്യർത്ഥനപ്രകാരമാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

അദാൻ   ബ്ലഡ് ബാങ്കിൽ വച്ച് സംഘടിപ്പിച്ച ക്യാമ്പിൽ 174 രക്തദാതാക്കൾ പങ്കെടുക്കുകയും, 155 പേർ വിജയകരമായി രക്തം ദാനം ചെയ്യുകയും ചെയ്തു.

ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നോർക്ക ഡയറക്ടർബോർഡ് അംഗം എൻ അജിത് കുമാർ നിർവ്വഹിച്ചു. പ്രോഗ്രാം കൺവീനർ മെജിത് കുറുപ്പന്തറ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, സാമൂഹ്യപ്രവർത്തകനായ ബാബുജി ബത്തേരി, ബിഡികെ രക്ഷാധികാരി മനോജ് മാവേലിക്കര, കെ കെ സി എ പ്രസിഡണ്ട് ജോബി ചാമകണ്ടയിൽ, കെകെബി പ്രസിഡണ്ട് ജിസ്മോൻ, കെസിവൈൽ പ്രസിഡണ്ട് റ്റോണി എന്നിവർ ആശംസകൾ അർപ്പിച്ചു. ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചതിനുള്ള മെമന്റോകൾ ബിഡികെ കുവൈറ്റ് അഡ്വൈസറി ബോർഡ് മെമ്പർ രാജൻ തോട്ടത്തിൽ  കെ. കെ. ബി., കെ. സി. വൈ. എൽ ഭാരവാഹികൾക്ക് കൈമാറി. രഘുബാൽ ബിഡികെ സ്വാഗതവും, കെ കെ ബി ജനറൽ സെക്രട്ടറി ബിനിഷ് നന്ദിയും പറഞ്ഞു.

ദാനധർമ്മങ്ങളുടേയും, പങ്കുവക്കലിന്റെയും സന്ദേശം പരത്തുന്ന പുണ്ണ്യറമദാനിൽ രക്തദാന കർമ്മം നിർവ്വഹിച്ച്; പ്രവാസലോകത്ത് പരസ്പരമുള്ള സ്നേഹവും, കരുതലും വിളിച്ചറിയിക്കുന്നതായിരുന്നു ക്യാമ്പ്.

കോവിഡിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ കർശ്ശനനിയന്ത്രണങ്ങൾക്ക് വിധേയമായാണ് ക്യാമ്പ് നടന്നത്. ഉച്ചക്ക് ഒരുമണിക്ക് അവസാനിക്കേണ്ടിയിരുന്ന ക്യാമ്പ് രക്തദാതാക്കളുടെ ബാഹുല്യം മൂലം മൂന്ന് മണിവരെ നീണ്ടുപോയി. 

ക്യാമ്പ് ജോയിന്റ് കൺവീനർമാരായ തോമസ് അരീക്കര, ലിജോ മറ്റക്കര എന്നിവരും ബിഡികെ പ്രവർത്തകരായ ജയൻ, അജിത്, ജിതിൻ ജോസ്, നിമിഷ്, ജോളി എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി.

സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാനക്യാമ്പുകൾ, ബോധവൽക്കരണ ക്ലാസ്സുകൾ തുടങ്ങിയ രക്തദാനപ്രചരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താത്പര്യമുള്ളവരും, അടിയന്തിര ഘട്ടത്തിൽ രക്തദാതാക്കളുടെ സൗജന്യസേവനം ആവശ്യമുള്ളവരും ബിഡികെ കുവൈത്തിന്റെ ഹെൽപ്പ് ലൈൻ നമ്പരുകളായ 6999 7588 / 5151 0076 എന്നിവയിലൊന്നിൽ ബന്ധപ്പെടാവുന്നതാണ്.

Related News