ഇന്ത്യൻ-പാക് വിദേശകാര്യ മന്ത്രിമാർ യുഎഇയിൽ

  • 19/04/2021

അബുദാബി: ഹ്രസ്വ സന്ദർശനത്തിനായി യുഎഇയിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി ചർച്ച നടത്തി. അതേസമയം പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും ശൈഖ് അബ്ദുല്ലയുമായി ചർച്ച നടത്തുന്നതിന് അബുദാബിയിലെത്തിയിട്ടുണ്ട്.

ഇന്ത്യ-പാക് സമാധാന ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കാൻ യുഎഇ ഒരുക്കമാണെന്ന് യുഎസിലെ യുഎഇ അംബാസഡർ യൂസുഫ് അൽ ഖതൈബ വെളിപ്പെടുത്തിയിരുന്നു. ഇതോടെ ഇന്ത്യ-പാക് വിദേശകാര്യ മന്ത്രിമാർ പരസ്പരം ചർച്ച നടത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ചർച്ചയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തുന്ന കാര്യം അജണ്ടയിൽ ഇല്ലെന്ന് പാക് വിദേശകാര്യ മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാൽ ഇന്ത്യ-പാക് ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കാനുള്ള യുഎഇയുടെ തീരുമാനത്തെ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി സ്വാഗതം ചെയ്തിട്ടുണ്ട്. സാമ്പത്തിക സഹകരണം, സാമൂഹിക ക്ഷേമം എന്നീ വിഷയങ്ങളിൽ യുഎഇയുമായി ചർച്ച നടത്താനാണ് എസ് ജയശങ്കർ അബുദാബിയിലെത്തിയതെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തത്.

Related News