ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നവരുടെ കൊവിഡ് പരിശോധനാ നിബന്ധനകളിൽ മാറ്റം; വ്യാഴാഴ്‍ച മുതൽ പ്രാബല്യത്തിൽ

  • 19/04/2021

ദുബൈ: ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നവരുടെ കൊറോണ പരിശോധനാ നിബന്ധനകളിൽ മാറ്റം. എയർ ഇന്ത്യ എക്സ്‍പ്രസാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ഇതനുസരിച്ച് സാമ്പിൾ ശേഖരിച്ച സമയം മുതൽ 48 മണിക്കൂറിനകം നൽകുന്ന നെഗറ്റീവ് പരിശോധനാ ഫലമാണ് യാത്രക്കാർ ഹാജരാക്കേണ്ടത്.

ഇതിനു പുറമെ സാമ്പിൾ ശേഖരിച്ച തീയ്യതി, സമയം, റിസൾട്ട് ലഭ്യമായ തീയ്യതി, സമയം എന്നിവ പരിശോധനാ ഫലത്തിൽ ശരിയായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് യാത്രക്കാർ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനാ ഫലം നെഗറ്റീവാണെന്ന് ഇംഗ്ലീഷിലോ അറബിയിലോ രേഖപ്പെടുത്തിയിരിക്കണം. യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള അംഗീകൃത ലാബിൽ നിന്നുള്ള പരിശോധനാ ഫലമാണ് യാത്രയ്ക്കായി ഹാജരാക്കേണ്ടത്.

പരിശോധനാ ഫലത്തിൽ ക്യു.ആർ കോഡ് നിർബന്ധമായും ഉണ്ടായിരിക്കണം. ഇത് സ്കാൻ ചെയ്ത് പരിശോധനാ ഫലം പരിശോധനിക്കാനും അധികൃതർക്ക് സാധിക്കണം. വിമാനത്താവളത്തിൽ വെച്ച് വിമാനക്കമ്പനിയും ദുബൈയിൽ എത്തുമ്പോൾ ദുബൈ ഹെൽത്ത് അതോരിറ്റി അധികൃതരും ഇത്തരത്തിൽ റിപ്പോർട്ട് പരിശോധിക്കുമെന്നും അറിയിപ്പിൽ പറയുന്നു. ഏപ്രിൽ 22 മുതൽ പുതിയ മാനദണ്ഡങ്ങൾ നിലവിൽ വരും.

Related News