കുവൈറ്റിൽ വാഹനങ്ങളുടെ പെയിന്റിം​ഗ് നിറങ്ങൾ മാറ്റുന്നതിന് പുതിയ മാനദണ്ഡങ്ങൾ

  • 27/11/2020



കുവൈറ്റ് സിറ്റി; രാജ്യത്ത് വാഹനങ്ങളുടെ പെയിന്റിം​ഗ്  നിറങ്ങൾ മാറ്റുന്നതുമായി ബന്ധപ്പെട്ട്  ജനറൽ ട്രാഫിക് വകുപ്പ് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. വാഹനങ്ങളുടെ പെയിന്റിം​ഗ് നിറങ്ങൾ മാറ്റ്, ഗ്ലോസി ‍എന്നീ വിഭാ​ഗങ്ങളിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചത്. ഇതുപ്രകാരം വാഹനങ്ങളുടെ നിറങ്ങൾ മാറ്റുന്നതിന് സാങ്കേതിക പരിശോധനാ വകുപ്പിലെ ഇൻഫർമേഷൻ ആന്റ് ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ഡിപ്പാർട്ട്മെന്റിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണമെന്നാണ് നിർദ്ദേശം നൽകുന്നത്.  പെയിന്റ് വ്യക്തവും,  സർക്കാർ കാറുകളുമായി (പോലീസ്, ആർമി, ദേശീയ ഗാർഡുകൾ, ആംബുലൻസ്, അഗ്നിശമന സേന മുതലായവ) സാമ്യമുള്ളതാകരുതെന്നും നിർദ്ദേശത്തിൽ പറയുന്നു.  അതേസമയം സാധാരണ രീതിയിലുളള പെയിന്റിന് പകരം ബോഡി മാസ്കിംഗും, മറ്റ് സ്ഥിരമല്ലാത്ത വസ്തുക്കളും ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു.

പെയിന്റിംഗ് മാറ്റുന്നതിന് മുൻപ്  ചില മാനദണ്ഡങ്ങൾ പിന്തുടരണമെന്ന്  ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു.  വാഹനത്തിന് പുതിയ നിറം ചേർക്കുന്നതോ, മാറ്റുന്നതോ സംബന്ധിച്ച് ഒരു അഭ്യർത്ഥന ഫോം പൂരിപ്പിക്കണം, പിന്നീട്  പ്രാഥമിക അനുമതി നേടുന്നതിനായി ക്യാപിറ്റൽ ഗവർണറേറ്റിലെ അന്താരാഷ്ട്ര സ്റ്റാൻഡേർഡ് ഡിപ്പാർട്ട്മെന്റിന്റെ സാങ്കേതിക പരിശോധന വകുപ്പിന് മുന്നിൽ വാഹനം ഹാജരാക്കണം, തുടർന്ന് പെയിന്റിംഗ് പ്രക്രിയ പൂർത്തിയാക്കുന്നതിന് പ്രത്യേക വർക്ക് ഷോപ്പുകളിലും കമ്പനികളിലം സന്ദർശിക്കാം, അതിനുശേഷം വാഹനത്തിന്റെ പുതിയ നിറം ഇൻഷുറൻസ് രേഖകളിൽ ചേർക്കണം. ഇതിനുമുന്നോടിയായി കമ്പ്യൂട്ടറിൽ ശേഖരിച്ച വാഹനത്തിന്റെ ഡാറ്റ മാറ്റുന്നതിനായി  സാങ്കേതിക പരിശോധന വകുപ്പ്, ക്യാപിറ്റൽ ഗവർണറേറ്റ്, ഇന്റർനാഷണൽ സ്റ്റാൻഡേർഡ് വകുപ്പ് എന്നിവയ്ക്ക് മുന്നിൽ വാഹനം ഹാജരാക്കണം. 

Related News