വാക്സിൻ സ്വീകരിച്ചാൽ യാത്ര നിരോധിത രാജ്യങ്ങളിൽ നിന്നുളളവർക്ക് കുവൈറ്റിലേക്ക് പ്രവേശിക്കാം

  • 27/11/2020

കുവൈറ്റ് സിറ്റി;  കൊവിഡ് വൈറസ് വാക്സിനുകൾ മതിയായ അളവിൽ ലഭ്യമായാൽ കുവൈറ്റ് ഭരണകൂടം  പുതിയ ആരോഗ്യ നടപടികൾ ഏർപ്പെടുത്തുെമെന്ന് റിപ്പോർട്ട്. ലോകത്ത് വാക്സിൻ ലഭ്യമായാൽ പിസിആർ പരിശോധനയ്ക്ക് പകരം വാക്സിൻ സ്വീകരിച്ചാൽ രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.  വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ  നിലവിൽ  നിരോധിത രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും പ്രവാസികൾക്കും കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കും. അതേസമയം, വാക്സിൻ സ്വീകരിക്കാതെ രാജ്യത്ത്‌ പ്രവേശിക്കുന്നവർ നിലവിലുള്ള നടപടി ക്രമങ്ങൾ പ്രകാരം പി.സി.ആർ സർട്ടിഫിക്കറ്റ്‌ ഹാജരാക്കുകയും രണ്ടാഴ്ചത്തെ ക്വാറന്റൈനിൽ കഴിയുകയും വേണമെന്നും പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

  രാജ്യത്ത് കൊവിഡ് വൈറസ് പടരാതിരിക്കാനാണ് ഈ നടപടി. ഈ ആരോഗ്യ ആവശ്യകതകൾ രാജ്യം വിടുന്നവർക്ക് ബാധകമല്ല. ഏതൊരു രാജ്യത്തേക്കും പോകാൻ ആഗ്രഹിക്കുന്നവർ അവിടുത്തെ ആരോഗ്യ നടപടികളെ സംബന്ധിച്ച നിയമങ്ങൾക്ക് വിധേയമാകുമെന്നും ഉറവിടങ്ങൾ ഉദ്ധരിച്ച് ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പ്  ഫലങ്ങൾ പ്രഖ്യാപിച്ച ശേഷം ഈ കാര്യങ്ങൾ തീരുമാനിക്കാൻ യോഗ്യതയുള്ള കൊറോണ വൈറസ് കമ്മിറ്റിയെ ചുമതലപ്പെടുത്തുമെന്നും,  ദൈനംദിന വിലയിരുത്തലുകളുടെ റിപ്പോർട്ടിനെ തുടർന്ന് 34  നിരോധന രാജ്യങ്ങളിൽ നിന്നുളളവർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത് പരിഗണിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.




Related News