'സ്റ്റേ സ്‌ട്രോങ് ഇന്ത്യ': ഇന്ത്യയ്ക്ക് പൂർണ പിന്തുണയുമായി ദുബായ്

  • 02/05/2021

ദുബായ്: കൊറോണ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി(ആർടിഎ). ദുബൈയിലെ ടോൾ ഗേറ്റിലുൾപ്പെടെ 'സ്റ്റേ സ്‌ട്രോങ് ഇന്ത്യ' എന്ന ഹാഷ്ടാഗ് പ്രദർശിപ്പിച്ചാണ് ആർടിഎ ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസം രാത്രി മുതലാണ് ഇന്ത്യയ്ക്ക് ധൈര്യം പകർന്നുകൊണ്ടുള്ള സന്ദേശം ദുബായിലുടനീളം തെളിഞ്ഞത്. കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്‍ക്ക് പിന്തുണയുമായി ബുർജ് ഖലീഫ ഇന്ത്യൻ ദേശീയ പതാകയുടെ വർണങ്ങളണിഞ്ഞിരുന്നു. 'സ്റ്റേ സ്‍ട്രോങ് ഇന്ത്യ' എന്ന സന്ദേശവുമായാണ് ദിവസങ്ങൾക്ക് മുമ്പ് ബുർജ് ഖലീഫ, ഇന്ത്യൻ ദേശീയ പതാകയുടെ നിറങ്ങളിൽ പ്രകാശിതമായത്. 23 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ബുർജ് ഖലീഫയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പ്രസിദ്ധികരിക്കുകയും ചെയ്‍തിരുന്നു.

ഇന്ത്യയിലേക്ക് യുഎഇ ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചിരുന്നു. യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദല്ല ബിൻ സായിദ് ആൽ നെഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറുമായി ഫോണിൽ വിളിച്ച് സംസാരിച്ച് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.

Related News