എബി, ബി രക്തഗ്രൂപ്പുകളുള്ള ആളുകൾക്ക് കൊറോണ വരാനുള്ള സാധ്യത കൂടുതൽ; പുതിയ പഠനവുമായി സി.എസ്.ഐ.ആർ

  • 11/05/2021

ന്യൂഡെൽഹി: മറ്റു രക്തഗ്രൂപുകളെ അപേക്ഷിച്ച്‌ എബി, ബി രക്തഗ്രൂപ്പുകളുള്ള ആളുകൾക്ക് കൊറോണ വരാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോർട്ട്. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച് (സി.എസ്.ഐ.ആർ) ഇതു സംബന്ധിച്ച്‌ ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു.

എന്നാൽ 'ഒ' രക്ത ഗ്രുപ്പ്‌ ഉള്ളവരിലാണ് ഏറ്റവും കുറവ് വൈറസ് ബാധിച്ചതെന്നും പഠനത്തിൽ പറയുന്നു. അതേസമയം, ഒ ഗ്രൂപ്പുകാരിൽ ഭൂരിഭാഗവും രോഗലക്ഷണങ്ങളില്ലാത്തവരോ അല്ലെങ്കിൽ നേരിയ ലക്ഷണങ്ങളുള്ളവരോ ആണെന്നും ഗവേഷണത്തിൽ പറയുന്നു.

സി എസ് ഐ ആർ, രാജ്യവ്യാപകമായി സീറോ പോസിറ്റിവിറ്റി സർവേയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. മാംസം കഴിക്കുന്നവർക്ക് സസ്യഭുക്കുകളേക്കാൾ കൊറോണ വരാനുള്ള സാധ്യത കൂടുതലാണെന്നും പഠനം സൂചിപ്പിക്കുന്നു. വെജിറ്റേറിയൻ ഭക്ഷണത്തിൽ ഉയർന്ന ഫൈബർ അടങ്ങിയതാണ് രോഗപ്രതിരോധ പ്രതികരണത്തിലെ ഈ വ്യത്യസത്തിന് കാരണമെന്നാണ് പറയുന്നത്.

ഫൈബർ അടങ്ങിയ ഭക്ഷണക്രമം അണുബാധയ്ക്ക് ശേഷമുള്ള സങ്കീർണതകൾ തടയാനും അണുബാധ തടയാനും സഹായിക്കും. രാജ്യത്താകമാനമുള്ള പതിനായിരത്തോളം പേരിൽ നിന്നുള്ള സാമ്പിളുകൾ 140-ഓളം ഡോക്ടർമാർ വിശകലനം ചെയ്തതായും സി എസ് ഐ ആർ പറയുന്നു.

എബി രക്തഗ്രൂപ്പിലുള്ളവർക്കാണ് ഏറ്റവും കൂടുതൽ രോഗം ബാധിച്ചതെന്നും തൊട്ടുപിന്നിൽ ബി ഗ്രൂപ്പുകാരാണെന്നുമാണ് കണ്ടെത്തൽ. ഒ ഗ്രൂപ്പിലുള്ള ആളുകൾക്ക് ഏറ്റവും കുറഞ്ഞ സീറോ പോസിറ്റിവിറ്റി കാണിക്കുന്നുവെന്നും പഠനത്തിൽ പറയുന്നു

Related News