തിരുവനന്തപുരം: കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കണ്ണൂര്‍ കൂത്തുപറമ്പ് മൂരിയാട് അബൂബക്കര്‍ (84) രോഗമുക്തി നേടി. മൂന്നാമത്തെ പരിശോധനാഫലവും നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്യാനും തീരുമാനിച്ചു. 60 വയസിന് മുകളിലുള്ളവര്‍ ഹൈ റിസ്‌കില്‍ പെടുമ്പോഴാണ് മറ്റ് ഗുരുതര രോഗമുള്ളയാളെ രക്ഷിച്ചെടുത്തത്. ഗുരുതരാവസ്ഥയില്‍ നിന്നും മികച്ച ചികിത്സയിലൂടെ അബൂബക്കറെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി എല്ലാ ജിവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.
മാര്‍ച്ച് 13ന് ദുബായില്‍ നിന്നും വന്ന അബൂബക്കറിന്റെ മകന്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇതിനിടയ്ക്ക് വീണ് അബൂബക്കറിന്റെ എല്ല് പൊട്ടി. തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സനേടുകയും ഒടിഞ്ഞ ഭാഗത്ത് കമ്പിയിടുകയും ചെയ്തു. ആശുപത്രി വിട്ട രണ്ട് ദിവസത്തിന് ശേഷം പനിയാരംഭിച്ചു. അസുഖം മാറാത്തതിനാല്‍ ആ ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂരിലേയും കോഴിക്കോടേയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കോഴിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച അന്ന് ഏപ്രില്‍ 11ന് അബൂബക്കറെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ന്യൂമോണിയ, ശ്വാസതടസം, ഹൃദയ സ്പന്ദനത്തിന് വ്യതിയാനം, ബോധക്ഷയം, വൃക്ക രോഗം തുടങ്ങിയ നിരവധി പ്രശ്‌നങ്ങളാല്‍ ഗുരുതരാവസ്ഥയിലായിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ വിളിച്ച് കാര്യങ്ങളന്വേഷിച്ച് വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തി. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് തീവ്ര പരിചരണ വിഭാഗത്തില്‍ അബൂബേക്കറിനെ തുടര്‍ച്ചയായി നിരീക്ഷിച്ചാണ് ചികിത്സ നല്‍കിയത്. പല അപകട ഘട്ടങ്ങളില്‍ നിന്നാണ് വിദഗ്ധ സംഘം അബൂബക്കറിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നത്.
മെഡിക്കല്‍ കോളേജ് പിന്‍സിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രന്‍, സൂപ്രണ്ട് സജിത് കുമാര്‍, മെഡിസിന്‍ വിഭാഗം മേധാവി ഡോ. തുളസീധരന്‍, നോഡല്‍ ഓഫീസര്‍ ഡോ. ഷാജിദ് സദാനന്ദന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സ ഏകോപിപ്പിച്ചത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?