ബാലാവകാശങ്ങള്‍ ബാലിശമല്ലെന്ന ഓര്‍മ്മപ്പെടുത്തലുമായി ബാലാവകാശ സമ്മേളനം

  • 01/03/2020

തിരുവനന്തപുരം: ബാലാവകാശങ്ങള്‍ ബാലിശമല്ലെന്നും കുട്ടികളെ കരുതലോടെ സംരക്ഷിക്കുന്നതില്‍  ശിശുരോഗവിദഗ്ധര്‍ക്കും പങ്കുണ്ടെന്ന യാഥാര്‍ത്ഥ്യം പകര്‍ന്നുനല്‍കുന്നതിനായി ബാലാവകാശ സമ്മേളനം നടന്നു. ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സ് തിരുവനന്തപുരം ശാഖയുടെ 
ആഭിമുഖ്യത്തില്‍  മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡവലപ്മെന്‍റ് സെന്‍ററില്‍ നടന്ന പരിപാടിയില്‍ ലൈംഗികാതിക്രമത്തിന് ഇരയാകുന്ന കുട്ടികളെ എവിടെയാണോ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി കൊണ്ടുവരുന്നത് അതാത് ഡോക്ടര്‍മാര്‍ തന്നെ പരിശോധന നടത്തണമെന്ന് ചടങ്ങില്‍ പങ്കെടുത്ത വിദഗ്ധര്‍ ഓര്‍മ്മിപ്പിച്ചു. സ്വകാര്യ ഡോക്ടറായാലും സര്‍ക്കാര്‍ ഡോക്ടറായാലും ആ ഡോക്ടര്‍ തന്നെ പരിശോധന നടത്തണം. ഇത്തരം സാഹചര്യങ്ങളില്‍ ഗവണ്‍മെന്‍റ് ഡോക്ടറുടെ അടുത്തേയ്ക്ക് പറഞ്ഞുവിടുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ഇത് നിയമവിരുദ്ധമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ശിശുരോഗവിദഗ്ധനായാലും ഗൈനക്കോളജിസ്റ്റായും എംബിബിഎസ് ഉള്ള ഏതൊരു ഡോക്ടര്‍ക്കും ഈ പരിശോധനയും തുടര്‍ നടപടികളും ചെയ്യാവുന്നതാണ്. കുട്ടികളുടെ ഈ അവകാശത്തെ നിരസിച്ചാല്‍ ആ ഡോക്ടര്‍ ശിക്ഷാനടപടികള്‍ക്ക് അര്‍ഹനാണെന്നും പോക്സോനിയമം അനുശാസിക്കുന്നുവെന്ന് അവര്‍ വ്യക്തമാക്കി. കുട്ടികള്‍ക്കെതിരായ അതിക്രമം വര്‍ഷംതോറും വര്‍ധിച്ചുവരുന്നത് ആശങ്കയുളവാക്കുന്നതാണെന്നും സമ്മേളനം വിലയിരുത്തി.
കേരളാ സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍, ഐസിഎഎന്‍സിഎല്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് ഐപിഎസ്, ആരോഗ്യസര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ എം കെ സി നായര്‍, ബാലാവകാശ കമ്മീഷന്‍ അംഗം ഫാ ഫിലിപ്പ് പാറക്കാട്ട്, ഫോറന്‍സിക് വിദഗ്ധന്‍ ഡോ ജഗദീശ് നാരായണ റെഡ്ഡി,  ഐഎപി കേരളാ പ്രസിഡന്‍റ് ഡോ എം നാരായണന്‍  ഐഎപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് ഡോ ബെന്നറ്റ് സൈലം, ഐഎപി ജില്ലാ വൈസ് പ്രസിഡന്‍റ് ഡോ അഞ്ജു ദീപക്, ഡോ ടി വി അനില്‍കുമാര്‍, സിഡിസി ഡയറക്ടര്‍ ഡോ ബാബുജോര്‍ജ്, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ മുഹമ്മദ് അഷീല്‍, എസ് എ ടി സൂപ്രണ്ട് ഡോ എ സന്തോഷ് കുമാര്‍, ഡോ പി എ മുഹമ്മദ് കുഞ്ഞ്, ഡോ വി എച്ച് ശങ്കര്‍, ഡോ കെ എസ് പ്രവീണ്‍ എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിച്ചു.

Related News