റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിച്ചേക്കും

  • 18/05/2021

കുവൈത്ത് സിറ്റി : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്തിലെ റെസ്‌റ്റേറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നിരോധിച്ച തീരുമാനം പിന്‍വലിക്കുമെന്ന് സൂചനകള്‍.കഴിഞ്ഞ ഫെബ്രുവരി 24 മുതലായിരുന്നു റെസ്‌റ്റേറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി റദ്ദാക്കിയത്. പ്രധാനമന്ത്രി ശൈഖ് സബ അൽ ഖാലിദിന്റെ അധ്യക്ഷതയിൽ ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഇത് സംബന്ധമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

കര്‍ശനമായ ആരോഗ്യ സുരക്ഷാ  നിബന്ധനകള്‍ക്ക് വിധേയമായിരിക്കും അനുമതി നല്കുക. സാമൂഹ്യ അകലം കൃത്യമായി പാലിച്ച് കൊണ്ട് ടേബിളുകളില്‍ ആളുകളെ പരിമിതപ്പെടുത്തും.  ഇത് സംബന്ധമായ നിര്‍ദ്ദേശങ്ങളും ഒരു മേശയിലെ സീറ്റുകളുടെ എണ്ണം ദൂരവും ഇന്നത്തെ കൗൺസിൽ യോഗത്തില്‍ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. അതോടപ്പം നിയന്ത്രിതമായ രീതിയില്‍ ഹുക്ക കടകളും അനുവദിക്കുമെന്നാണ് സൂചനകള്‍. 

Related News