വിനോദ സഞ്ചാര മേഖലയിൽ വൻ സാധ്യതകളൊരുക്കി സഞ്ചരിക്കുന്ന കടൽ വീട് യുഎയിൽ: ലോകത്തിൽ ഇത് ആദ്യം

  • 26/05/2021


റാസൽഖൈമ: ലോകത്തിലെ ആദ്യ പ്രകൃതി സൗഹൃദ കടൽ വീടുകൾ ഒരുക്കി പ്രമുഖ കപ്പൽ നിർമാണ കമ്പനിയായ സീ ജെറ്റ്. റാസൽഖൈമയിൽ നിന്ന് ദുബായിലെ ജുമൈറയിലേക്ക് ‘വീട്ടിലിരുന്ന്’ ഉല്ലാസ യാത്ര നടത്താം. വിശാലമായ മേൽത്തട്ടും അനുബന്ധ സൗകര്യങ്ങളുമുള്ള ഇരുനില പ്ലോട്ടിങ് ഹൗസ് സവിശേഷതകളുടെ ജല വാഹനമാണെന്നു കമ്പനി അഡ്മിനിസ്ട്രേഷൻ ഡയറക്ടറും യുഎഇ വ്യവസായി വനിതയുമായ ആലിയ അസ്സുവൈദി പറഞ്ഞു.

സൗകര്യങ്ങളുടെ വിസ്മയത്തുരുത്ത്

ഓരോ കടൽവീടും വിസ്മയത്തുരുത്തുകളാണ്.  900 ചതുരശ്ര മീറ്ററിൽ  ജലോപരിതലത്തിൽ ചെറിയൊരു പറുദീസയാണ് ഒരുങ്ങുന്നത്. ചില്ലുഭിത്തികളുള്ള നീന്തൽക്കുളവും, കടൽക്കാഴ്ചകൾ ആസ്വദിക്കാനുള്ള വിശാലമായ ബാൽക്കണിയും ആഡംബര മുറികളുമെല്ലാമുണ്ട്. ഓരോ നിലയും 300 ചതുരശ്ര മീറ്ററാണ്. അടുക്കളയും പൂമുഖവും 2 കിടപ്പുമുറികളുമെല്ലാമുള്ള  ഇരുനിലവീടു തന്നെ ! ഒന്നാം നിലയിൽ 4 കിടപ്പു മുറികളും ശുചിമുറികളുമുണ്ട്. താഴത്തെ നിലയിൽ  വീട്ടുജോലിക്കാരുടെ മുറികളും അടുക്കളയും പൂമുഖവും കൂടാതെ രണ്ട് ബെഡ് റൂമുകളുമുണ്ട്. 

ഹൈഡ്രോളിക് മോട്ടറുകൾ ഉപയോഗിച്ച് ഇവ സ്വയം മുന്നോട്ട് നീങ്ങും. വായുസഞ്ചാരത്തിനും, മലിനജല സംസ്കരണത്തിനും പ്രത്യേക സംവിധാനങ്ങളുണ്ട്. സൗരോർജത്തിലാണ് പ്രവർത്തനങ്ങളെല്ലാം.   മഹാവ്യാധിയെ അതിജീവിക്കാൻ ടൂറിസം മേഖലയ്ക്ക് ഉണർവേകുന്ന പദ്ധതിയാകുമിത്. വിനോദ സഞ്ചാര മേഖലയിലും റിയൽ എസ്റ്റേറ്റ് രംഗത്തും ദുബായുടെ കുതിപ്പിന് സഹായകമാകും. സ്വദേശികൾക്കും വിദേശികൾക്കും നിക്ഷേപ സാധ്യത പ്രയോജനപ്പെടുത്താവുന്നതാണ്.

ആദ്യ വീട് ഇന്ത്യൻ വ്യവസായിക്ക്

കമ്പനിയുടെ പദ്ധതി പ്രകാരം കടലിലെ 156 മുറികളുള്ള  വലിയ ആഡംബര ഹോട്ടലിന് ചുറ്റും ഒഴുകി നടക്കുന്ന 12 വീടുകളാണ് പണിയുക. 2023 ൽ പദ്ധതി  പൂർത്തീകരിക്കും. ദുബായിലെ ഇന്ത്യൻ വ്യവസായി ബൽവീന്ദർ സഹാനിയാണ് 39 കോടി  രൂപയ്ക്ക് ( 2 കോടി ദിർഹം) ഈ  പദ്ധതിയിലെ ആദ്യ ‘കടൽവീട്’  വാങ്ങിയത്.

Related News