വിദേശ ജോലി സ്വപ്നം കണ്ട് യുഎഇയിൽ 13 നഴ്സുമാർ കുടുങ്ങി; ഭക്ഷണം പോലുമില്ലാതെ ദുരിതത്തിൽ

  • 27/05/2021

അബുദാബി : റിക്രൂട്ടിങ് ഏജൻസിയുടെ ചതിയിൽപ്പെട്ട് 11 മലയാളികൾ ഉൾപ്പെടെ 13 നഴ്സുമാർ അബുദാബിയിൽ ദുരിതത്തിൽ. ഭക്ഷണത്തിനു വകയില്ലാതെ പ്രയാസപ്പെടുകയാണ് ഇവർ. അബുദാബി കോവിഡ് വാക്സിനേഷൻ സെന്ററുകളിൽ 5000 ദിർഹം (ഒരുലക്ഷം രൂപ) ശമ്പളത്തിന് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ ഈടാക്കിയാണ് ഇവരെ സന്ദർശക വീസയിൽ യുഎഇയിൽ എത്തിച്ചത്.

ക്വാറന്റീനെന്ന പേരിൽ 18 ദിവസം ദുബായിൽ താമസിപ്പിച്ചശേഷം അബുദാബിയിൽ എത്തിച്ച ഇവരെ നഗരത്തിലെ ഫ്ലാറ്റിൽ പാർപ്പിച്ചിരിക്കുകയാണ്. റമസാൻ കഴിഞ്ഞാൽ ജോലി ശരിയാകുമെന്ന് അറിയിച്ചു. എന്നാൽ, കുറച്ചുകൂടി കാത്തിരിക്കണമെന്നാണ് ഇപ്പോഴത്തെ നിലപാട്. ഏജൻസിയുമായി തർക്കിച്ച ഒരു നഴ്സിനു 90,000 രൂപ നൽകി ഏപ്രിൽ ആദ്യവാരം നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. വീസയ്ക്ക് 1.55 ലക്ഷം രൂപ (90,000 സർവീസ് ചാർജ്, 55000 ക്വാറന്റീൻ ചെലവ്, 10,000 റൂം വാടക) നൽകിയാണ് പലരും നാട്ടിലെ ജോലി ഉപേക്ഷിച്ച് വിദേശ ജോലിക്കെത്തി കുടുങ്ങിയത്.

ഇവർക്കു മുമ്പ് 4 ബാച്ച് നഴ്സുമാരെ എത്തിച്ച് ജോലി നൽകിയിരുന്നു. അതിനാൽ, വൈകിയാണെങ്കിലും ജോലി ശരിയാകുമെന്ന പ്രതീക്ഷയിലാണ് കഴിഞ്ഞതെന്നും തട്ടിപ്പിന് ഇരയായവർ പറയുന്നു. അതേസമയം ദുബായിലുള്ള ഏജന്റ് ഇന്ന് അബുദാബിയിലെത്തി ഇവരുമായി ചർച്ച നടത്തി പരിഹാരം കാണുമെന്ന് ഇന്ത്യൻ എംബസി അധികൃതർക്കു ഉറപ്പുനൽകി. വാക്സിനേഷൻ കേന്ദ്രത്തിൽ ജോലി കുറഞ്ഞതോടെ ഡ്യൂട്ടിക്ക് ആളെ എടുക്കാത്തതാണ് പ്രശ്നമായതെന്നും തുടരാൻ താൽപര്യമുള്ളവർക്ക് മറ്റു സ്ഥലങ്ങളിൽ ജോലി ശരിയാക്കി നൽകുമെന്നും സൂര്യ അസ്സോസിയേറ്റ് പ്രതിനിധി വിൽസൺ  പറഞ്ഞു.

അബുദാബി ആരോഗ്യവിഭാഗവുമായി സംസാരിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾക്കു 20 ദിവസം കൂടി കാത്തിരുന്നാൽ 6500 ദിർഹം ശമ്പളത്തിന് ജോലിക്കു കയറാം. താൽപര്യമില്ലാത്തവർക്കു വീസയ്ക്കും ടിക്കറ്റിനും ചെലവായ തുക കഴിച്ച് ബാക്കി നൽകും. തിരിച്ചു പോകുന്നവർക്കു മുഴുവൻ തുക നൽകാനും സന്നദ്ധമാണ്. ഭക്ഷണത്തിനുള്ള തുക ഇടയ്ക്കു നൽകിയിരുന്നുവെന്നും കൊണ്ടുവന്ന റിക്രൂട്ടിങ് ഏജൻസിക്കും ഉത്തരവാദിത്തമുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

Related News