ദുബൈയിൽ ഇനി വാട്‍സ് ആപിലൂടെ വാക്‌സിനേഷന് ബുക് ചെയ്യാം; സൗകര്യമൊരുക്കി ഭരണകൂടം

  • 01/06/2021

ദുബൈ: കോവിഡ് വാക്സിൻ ബുക് ചെയ്യാൻ വാട്സ് ആപിലൂടെ സൗകര്യമൊരുക്കി ദുബൈ ഭരണകൂടം. 24 മണിക്കൂറും ഇതിന്റെ സേവനം ലഭിക്കും. ആർടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയാണ് സൗകര്യം ഒരുക്കിയതെന്ന് ദുബൈ ഹെൽത് അതോറിറ്റി (ഡി എച് എ) അറിയിച്ചു.

ബുക് ചെയ്യാനായി 800342 എന്ന നമ്ബറിലേക്ക് 'ഹായ്' എന്ന് ഇംഗ്ലീഷിൽ ടൈപ് ചെയ്ത് അയക്കണം. തുടർന്ന് അതിൽ നിർദേശങ്ങൾ ഉണ്ടാവും. ഉപയോക്താക്കൾക്ക് അവരുടെ മെഡികൽ റെകോർഡ് നമ്ബർ (എംആർഎൻ ) ഉണ്ടായിരിക്കണം. വാക്സിനേഷൻ സെന്ററും തീയതിയും സമയവും അവരുടെ സൗകര്യത്തിനനുസരിച്ച്‌ തിരഞ്ഞെടുക്കാം. നടപടികൾ കഴിഞ്ഞാൽ സ്ഥിരീകരണ സന്ദേശം ലഭിക്കും.

കോവിഡ് സംശയങ്ങൾക്ക് മറുപടി നൽകുന്നതിന് വാട്‍സ് ആപ് സൗകര്യം നേരത്തെ ഏർപെടുത്തിയിരുന്നു . ഇതുവരെ ഒന്നരലക്ഷം പേരാണ് ഈ സൗകര്യം ഉപയോഗിച്ചത്. രാജ്യത്ത് നൂറ് ശതമാനം വാക്സിനേഷൻ എന്ന ലക്ഷ്യം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്.

Related News