കാരുണ്യ സംരംഭമായ യുഎഇ ഫുഡ് ബാങ്കിന്റെ പ്രവർത്തനം കൂടുതൽ മേഖലകളിലേക്ക്

  • 06/06/2021


ദുബായ്: അർഹരായ എല്ലാവർക്കും ഭക്ഷണം എത്തിക്കാനുള്ള കാരുണ്യ സംരംഭമായ യുഎഇ ഫുഡ് ബാങ്കിന്റെ പ്രവർത്തനം കൂടുതൽ മേഖലകളിലേക്ക്. രാജ്യത്തെയും വിദേശങ്ങളിലെയും 112 സ്ഥാപനങ്ങളുമായി കരാർ ഒപ്പുവച്ചു. 2017ൽ ആരംഭിച്ച ഫുഡ്ബാങ്ക് കഴിഞ്ഞ ഡിസംബർ വരെ വിതരണം ചെയ്തത് 27,362 ടൺ ഭക്ഷണം. 

അധികംവരുന്ന ഭക്ഷണ-പാനീയങ്ങളുടെ നിലവാരം ഉറപ്പുവരുത്തി രാജ്യത്തിനകത്തും പുറത്തുമുള്ള അർഹരായവർക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് അധികൃതരുടെ മേൽനോട്ടത്തിൽ ഏറ്റവും ശാസ്ത്രീയമായിട്ടാണ് വിതരണം. ഹോട്ടലുകൾ, കൃഷിയിടങ്ങൾ, സൂപ്പർമാർക്കറ്റുകൾ, ഭക്ഷ്യോൽപന്ന ഫാക്ടറികൾ തുടങ്ങിയവ ഉൾപ്പെടുന്ന വൻ ശൃംഖലയാണ് ഫുഡ്ബാങ്ക്. 

ശാഖകൾ ആറ്

ഫുഡ് ബാങ്കിന് 7 എമിറേറ്റുകളിലായി 6 ശാഖകളാണുള്ളത്. ദുബായിൽ മൂന്നും അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എന്നിവിടങ്ങളിൽ ഒാരോന്നുവീതവും.കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഫുഡ് ബാങ്ക് വൈസ് ചെയർമാനും ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറലുമായ ദാവൂദ് അൽ ഹജ് രി പറഞ്ഞു. ഭക്ഷണം ശേഖരിക്കാൻ വിവിധയിടങ്ങളിൽ 144 ഫ്രിജുകൾ വച്ചിട്ടുണ്ട്. ദുബായിൽ മാത്രം 84 ഫ്രിജുകൾ. യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കം കുറിച്ച ഫുഡ് ബാങ്കിനു കീഴിൽ നൂറുകണക്കിനു വൊളന്റിയർമാർ പ്രവർത്തിക്കുന്നുണ്ട്. 

പാഴാക്കാതെ ശേഖരിക്കും

വിവാഹം, പൊതുസമ്മേളനങ്ങള്‍, മറ്റ് ആഘോഷ പരിപാടികള്‍ എന്നിവയോടനുബന്ധിച്ചു നടത്തുന്ന വിരുന്നുകളില്‍ മിച്ചംവരുന്ന ഭക്ഷണം ശുചിത്വമാനദണ്ഡങ്ങള്‍ പാലിച്ചു ശേഖരിക്കും. ഭക്ഷണം ശേഖരിക്കല്‍, പായ്ക്കിങ്, കേടാകാതെ സൂക്ഷിക്കല്‍ എന്നിവയ്‌ക്കെല്ലാം വൊളന്റിയര്‍മാര്‍ക്കു പ്രത്യേക പരിശീലനം നൽകുന്നു.

Related News