അബുദാബിയിലെ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ ഗ്രീൻ പാസ് നിർബന്ധം

  • 10/06/2021

അബുദാബി: അൽ ഹുസ്‍ൻ മൊബൈൽ ആപ്ലിക്കേഷനിലെ ഗ്രീൻ പാസ് ഉണ്ടങ്കിൽ മാത്രമേ ഇനി അബുദാബിയിലെ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ  സാധിക്കു എന്ന് അബുദാബി അധികൃതർ. ഷോപ്പിങ് മാളുകൾ, വലിയ സൂപ്പർ മാർക്കറ്റുകൾ, ജിംനേഷ്യം, ഹോട്ടലുകൾ, പൊതു പാർക്കുകൾ, ബീച്ചുകൾ, സ്വിമ്മിങ് പൂളുകൾ, വിനോദ കേന്ദ്രങ്ങൾ, സിനിമാ തീയറ്റർ, മ്യൂസിയം, റസ്റ്റോറന്റ്, കഫേകൾ എന്നിവിടങ്ങളിലെല്ലാം പ്രവേശിക്കാൻ ഇനി ഗ്രീൻ പാസ് വേണം.

16 വയസിന് മുകളിലുള്ളവർക്കാണ് ഗ്രീൻ പാസ് ആവശ്യമുള്ളത്. ജൂൺ 15 മുതൽ ഇത് പ്രാബല്യത്തിൽ വരും. അൽ ഹുസ്‍ൻ ആപ്ലിക്കേഷനിൽ പച്ച നിറത്തിലുള്ള കളർ കോഡിനെയാണ് ഗ്രീൻ പാസ് എന്ന് വിളിക്കുന്നത്. പച്ചയ്‍ക്കൊപ്പം ഗ്രേ, ചുവപ്പ് നിറങ്ങളുമുണ്ടാകും. ഓരോ വ്യക്തിയും വാക്സിൻ സ്വീകരിച്ചിട്ടുണ്ടോയെന്നും പി.സി.ആർ പരിശോധന എന്നാണ് നടത്തിയതെന്നതും അനുസരിച്ചുമായിരിക്കും ആപ്ലിക്കേഷനിൽ കളർ കോഡുകൾ ദൃശ്യമാവുക.

ആപ്ലിക്കേഷനിൽ പച്ച നിറമാണെങ്കിൽ പൊതുസ്ഥലങ്ങളിൽ പ്രവേശനം ലഭിക്കും. കൊവിഡ് പി.സി.ആർ പരിശോധനയുടെ കാലാവധി കഴിഞ്ഞാൽ നിറം ഗ്രേ ആയി മാറും. കൊവിഡ് സ്ഥിരീകരിക്കപ്പെട്ടാൽ ചുവപ്പ് നിറമായിരിക്കും ആപ്ലിക്കേഷനിൽ ദൃശ്യമാവുക. വാക്സിൻ സ്വീകരിക്കുന്നത് അടിസ്ഥാനമാക്കിയാണ് ഓരോരുത്തരുടെയും കൊവിഡ് പരിശോധനാ ഫലത്തിന്റെ കാലാവധി നിശ്ചയിക്കുന്നത്.

Related News