എമിറേറ്റ്‌സ് ജൂലായ് അവസാനത്തോടെ 90 ശതമാനം സർവീസ് പുനരാരംഭിക്കും

  • 19/06/2021


ദുബായ് : എമിറേറ്റ്‌സ് എയർലൈൻസ് ജൂലായ് അവസാനത്തോടെ 90 ശതമാനം സർവീസ് പുനരാരംഭിക്കും. കൂടുതൽ രാജ്യങ്ങളിലേക്കും റൂട്ടുകളിലേക്കും അടുത്ത മാസം സർവീസുകൾ തുടങ്ങും.

കോവിഡിന് മുൻപുള്ള നിലയിലേക്ക് മടങ്ങുന്നതിന് മുന്നോടിയായാണിത്. 124 കേന്ദ്രങ്ങളിലേക്കായി ജൂലായ് അവസാനത്തോടെ എമിറേറ്റ്‌സ് 880 പ്രതിവാര സർവീസുകൾ നടത്തും. നിലവിൽ 115 സർവീസുകളാണ് നടത്തുന്നത്.

കോവിഡിന് മുൻപ് 143 കേന്ദ്രങ്ങളിലേക്കായിരുന്നു സർവീസുണ്ടായിരുന്നത്. വെനീസ്, ഫുക്കറ്റ്, ഒർലാൻഡോ, മെക്‌സിക്കോ സിറ്റി, ലിയോൺ, മാൾട്ട എന്നിവിടങ്ങളിലേക്ക് സർവീസ് പുനരാരംഭിക്കും.

കൂടാതെ മിയാമിയിലേക്ക് പുതിയ സർവീസ് തുടങ്ങുമെന്നും അധികൃതർ വ്യക്തമാക്കി. കോവിഡ് മഹാമാരിയേൽപ്പിച്ച ആഘാതം മൂലം വൻസാമ്പത്തിക നഷ്ടം നേരിട്ടതായി ദുബായ് വിമാന കമ്പനിയായ എമിറേറ്റ്‌സ് എയർലൈൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

2020-2021 സാമ്പത്തിക വർഷം 2000 കോടി ദിർഹത്തിന്റെ നഷ്ടമാണ് എമിറേറ്റ്‌സ് രേഖപ്പെടുത്തിയത്.  എമിറേറ്റ്‌സിന്റെ30 വർഷം നീണ്ട ചരിത്രത്തിനിടയിലെ ഏറ്റവും വലിയ നഷ്ടമാണിത്.

അതേസമയം കോവിഡ് സാഹചര്യത്തിൽ എയർലൈൻ വ്യോമയാന മേഖല നേരിട്ട തകർച്ചയിൽനിന്നും എമിറേറ്റ്‌സ് എയർലൈൻ ശക്തമായി തിരിച്ചുവരുമെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കുകയും ചെയ്തിരുന്നു.

സന്ദർശകർക്ക് യാത്രാനുമതി നൽകികൊണ്ട് വിവിധ രാജ്യങ്ങൾ നടപടികൾ സ്വീകരിക്കുന്നത് പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്. വേനൽക്കാലം അവസാനിക്കുന്നതോടെ സന്ദർശകരുടെ എണ്ണവും വർധിക്കുമെന്നും എമിറേറ്റ്‌സ് വക്താവ് പറഞ്ഞു.

Related News