യുഎഇയിലേക്ക് മടങ്ങുന്നവർക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ റാപിഡ് പിസിആർ പരിശോധനയ്ക്ക് സൗകര്യമൊരുക്കും

  • 22/06/2021

ദുബൈ: ഇന്ത്യയിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും റാപിഡ് പിസിആർ പരിശോധനയ്ക്കുള്ള സൗകര്യമൊരുങ്ങുന്നു. യുഎഇയിലേക്ക് മടങ്ങുന്നവർക്ക് നാലു മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പരിശോധനാ ഫലം വേണമെന്ന നിബന്ധനയുടെ പശ്ചാത്തലത്തിലാണ് നടപടി. യുഎഇയിലേക്ക് വിമാനങ്ങൾ സർവീസ് തുടങ്ങുന്ന ജൂൺ 23ന് മുമ്പ് ഇത്തരത്തിൽ പരിശോധന സംവിധാനം ഒരുക്കാനാണ് ശ്രമം.

കേരളത്തിലെ നെടുമ്പാശ്ശേരി, തിരുവനന്തപുരം, കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിലും ഈ സൗകര്യമൊരുക്കും. 34 അന്താരാഷ്ട്ര വിമാനങ്ങളാണ് ഇന്ത്യയിലുള്ളത്. ഈ വിമാനത്താവളങ്ങളിൽ നിന്നാണ് ദുബൈയിലെത്തുന്ന വിമാനങ്ങളുടെ മൂന്നിലൊന്നും വരുന്നത്. യുഎഇ അംഗീകരിച്ച സ്വകാര്യ ലാബുകളുമായി സഹകരിച്ചായിരിക്കും പരിശോധനാ സംവിധാനം ക്രമീകരിക്കുക. കഴിഞ്ഞ ശനിയാഴ്ച ദുബൈ അധികൃതരുടെ പുതിയ അറിയിപ്പ് വന്നതോടെ എത്രയും വേഗം ഇതിനുള്ള നടപടികൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഇന്ത്യൻ വ്യോമയാന മന്ത്രാലയവും. ഡെൽഹി, മുംബൈ, ഹൈദരാബാദ് ചെന്നൈ, കൊൽക്കത്ത എന്നീ വിമാനത്താവളങ്ങളിൽ നിലവിൽ ഇത്തരത്തിൽ പരിശോധനയ്ക്കുള്ള സംവിധാനമുണ്ട്. 

യുഎഇ അംഗീകരിച്ച കൊറോണ വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച താമസ വിസകാർക്ക് ഈ മാസം 23 മുതൽ രാജ്യത്ത് പ്രവേശിക്കാം. ഇന്ത്യക്ക് പുറമെ ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്കും ഇളവുണ്ടാകുമെന്ന് ദുബൈ അധികൃതർ അറിയിച്ചിട്ടുണ്ട്. സിനോഫാം, ഫൈസർ - ബയോഎൻടെക്, സ്‍പുട്‍നിക്, ആസ്‍ട്രസെനിക എന്നിവയാണ് യുഎഇ അംഗീകരിച്ച വാക്സിനുകൾ. യാത്ര പുറപ്പെടുന്നതിന്  48 മണിക്കൂറിനകമുള്ള നെഗറ്റീവ് പി.സി.ആർ പരിശോധനാ ഫലം ഹാജരാക്കണം. ഇതിൽ യുഎഇ സ്വദേശികൾക്ക് ഇളവുണ്ട്. ക്യു.ആർ കോഡ് ഉൾപ്പെടുത്തിയിട്ടുള്ള പരിശോധനാ ഫലങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. യാത്ര പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് എല്ലാ യാത്രക്കാരും റാപ്പിഡ് പി.സി.ആർ പരിശോധന നടത്തണമെന്ന നിർദേശവുമുണ്ട്. 

Related News