പ്രവേശന വിലക്ക് നീക്കി യുഎഇ: പ്രവാസികൾക്ക് ഇന്നുമുതൽ പ്രവേശനാനുമതി

  • 23/06/2021

ദുബായ്: പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി യുഎഇ. യുഎഇയിൽ ഇന്നുമുതൽ പ്രവാസികൾക്ക് പ്രവേശിക്കാൻ അനുമതി നൽകി. ഒരു മാസത്തിലേറെയായി നിലനിൽക്കുന്ന പ്രവേശന വിലക്കാണ് നീക്കിയത്. യുഎഇ അംഗീകരിച്ച കൊവിഷീൽഡ് വാക്‌സിൻ രണ്ടുഡോസും സ്വീകരിച്ച താമസവിസക്കാർക്കാണ് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകിയത്. അതേസമയം റാപ്പിഡ് പരിശോധയിൽ അനിശ്ചിതത്വം നിലനിൽക്കുന്നത് പ്രവാസികൾക്ക് തിരിച്ചടിയാണ്.

ആർടിപിസിആർ, റാപ്പിഡ് ടെസ്റ്റ് പരിശോധനകൾക്ക് പുറമെ പിസിആർ ഫലത്തിൻറെ നെഗറ്റീവ് സർട്ടിഫിക്കറ്റിൽ ക്യൂആർ കോഡ് രേഖപ്പെടുത്തണം. ഇതിനു പുറമെ ദുബായ് വിമാനത്താവളത്തിൽ എത്തിയാൽ വീണ്ടും ആർടിപിസിആർ പരിശോധനയ്ക്ക് വിധയമാകേണ്ടതുണ്ട്. ഫലം ലഭിക്കുന്നത് വരെ യാത്രക്കാർ നിരീക്ഷണത്തിൽ കഴിയണം (24 മണിക്കൂറിനകം ഫലം ലഭിക്കും) തുടങ്ങിയവയാണ് യുഎഇ നിലവിൽ പുറപ്പെടുവിച്ചിരിക്കുന്ന വ്യവസ്ഥകൾ.

യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിലെ കൊവിഡ് ആർടിപിസിആർ ഫലത്തിനൊപ്പം വിമാനം പുറപ്പെടുന്നതിന് നാലുമണിക്കൂർ മുമ്ബുള്ള റാപ്പിഡ് പരിശോധനയും നടത്തണം. കേരളത്തിൽ നാലുവിമാനത്താവളങ്ങളിലും റാപ്പിഡ് ടെസ്റ്റിനുള്ള സൗകര്യം ഏർപ്പെടുത്താൻ ആരോഗ്യവകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെങ്കിലും അനിശ്ചിതത്വം തുടരുകയാണ്. ഒട്ടുമിക്ക വിമാനക്കമ്ബനികളും ടിക്കറ്റ് ബുക്കിംഗ് ഇപ്പോഴും നിർത്തിവച്ചിരിക്കുകയാണ്. സർവ്വീസ് തുടങ്ങുന്ന കാര്യത്തിൽ പ്രമുഖ വിമാന കമ്ബനികളുടെ ഭാഗത്ത് നിന്നും ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല.

യുഎഇ അംഗീകരിച്ച സിനോഫാം, ഫൈസർ, സ്‌പുട്‌നിക്ക് എന്നീ വാക്‌സിനുകൾ രണ്ടുഡോസും എടുത്ത് നാട്ടിൽപ്പോയവർക്കും ഇന്നുമുതൽ യുഎഇയിലേക്ക് മടങ്ങിവരാം. ഇന്ത്യയുടെ കൊവാക്‌സിന് യുഎഇയിൽ അംഗീകാരമില്ല. വാക്‌സിൻ സ്വീകരിക്കാത്തവർക്കും സന്ദർശക വിസക്കാർക്കും യുഎഇ പ്രവേശനവിലക്ക് തുടരുന്നതാണ്. യുഎഇ പൗരന്മാർക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും നിരീക്ഷണം ബാധകമല്ല.

Related News