ഒരൊറ്റയാളുമായി ദുബൈയിലേക്ക് പറന്ന് എയര്‍ ഇന്ത്യ

  • 24/06/2021



ദുബൈ: എയര്‍ ഇന്‍ഡ്യ വിമാനം ദുബൈയിലേക്ക് പറന്നത് ഒരേയൊരു യാത്രക്കാരനുമായി. പ്രവാസി ഇന്‍ഡ്യക്കാരനായ വ്യവസായി എസ് പി സിങ് ഒബ്‌റോയി ആണ് പഞ്ചാബിലെ അമൃത്സറില്‍ നിന്നും ദുബൈയിലേക്ക് യാത്ര ചെയ്തത്.

ജൂണ്‍ 23ന് എയര്‍ ഇന്‍ഡ്യയുടെ AI929 വിമാനത്തിലാണ് സിങ് ദുബൈയിലേക്ക് പോയത്. ഗോള്‍ഡന്‍ വിസ ഉടമയാണ് സിങ്. പൈലറ്റ് തനിക്ക് ആശംസകളറിയിച്ചെന്നും രാജകീയ പരിഗണനയാണ് ലഭിച്ചതെന്നും സിങ് പറഞ്ഞു. യാത്രക്കാരില്ലാതെ കാലിയായ വിമാനത്തില്‍ നിന്ന് ചിത്രങ്ങളെടുക്കാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

'വിമാനത്താവളത്തിലെത്തിയ പിസിആര്‍ പരിശോധന കഴിഞ്ഞതിന് ശേഷം ജീവനക്കാര്‍ സഹയാത്രക്കാരെ കുറിച്ചു ചോദിച്ചു. എന്നാല്‍ ഞാന്‍ മാത്രമാണ് ആ വിമാനത്തില്‍ യാത്ര ചെയ്തതെന്ന് അറിഞ്ഞപ്പോള്‍ അവര്‍ അത്ഭുതപ്പെട്ടു'- സിങ് കൂട്ടിച്ചേര്‍ത്തു.

ഗോള്‍ഡന്‍ വിസ ഉടമ ആയതുകൊണ്ടും ആവശ്യമായ രേഖകള്‍ ഉണ്ടായിരുന്നത് കൊണ്ടുമാണ് അദ്ദേഹത്തിന് യാത്ര സാധ്യമായത്. പട്യാലയില്‍ നിന്നുള്ള 66കാരനായ ഇദ്ദേഹം സാമൂഹിക പ്രവര്‍ത്തകനാണ്. തുടക്കകാലത്ത് മെകാനിക് ആയി ദുബൈയിലെത്തിയ സിങ് നാലുവര്‍ഷം ജോലി ചെയ്ത ശേഷം തിരികെ മടങ്ങി. അവിടെ നിര്‍മാണ സാമഗ്രികള്‍ വിതരണം ചെയ്യുന്ന ഒരു കമ്ബനി ആരംഭിച്ചു.

പിന്നീട് 1993ല്‍ ദുബൈയില്‍ തിരികെ എത്തിയ അദ്ദേഹം 1998ല്‍ ജനറല്‍ ട്രേഡിങ് കമ്ബനി, ദുബൈ ഗ്രാന്‍ഡ് ഹോടെല്‍ എന്നിവ ആരംഭിച്ചു. 2004ല്‍ ഒബ്‌റോയി പ്രോപര്‍ടീസ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്ന സ്ഥാപനവും തുടങ്ങി.

കഴിഞ്ഞമാസം 25 നാണ് ഇന്‍ഡ്യയില്‍ നിന്നുളള വിമാന സെര്‍വീസുകള്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തിയത്. യുഎഇ സ്വദേശികള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഔദ്യോഗിക പ്രതിനിധികള്‍, ബിസിനസുകാര്‍, ഗോള്‍ഡന്‍ വീസയുള്ളവര്‍ എന്നിവരെ യാത്രാ വിലക്കില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

അതേസമയം ഇന്‍ഡ്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കില്‍ ജൂണ്‍ 23 മുതല്‍ ഭാഗിക ഇളവ് അനുവദിച്ചിട്ടുണ്ട്. യുഎഇ അംഗീകരിച്ച കോവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച താമസ വിസകാര്‍ക്കാണ് ഈ മാസം 23 മുതല്‍ രാജ്യത്ത് പ്രവേശിക്കാന്‍ സാധിക്കുക.

Related News