ഷോപ്പിങ് മാളുകളിലും ചില ജനവാസ മേഖലകളിലുമടക്കം ഇ.ഡി.ഇ കൊവിഡ് സ്‍കാനറുകൾ സ്ഥാപിക്കാൻ അബുദാബി

  • 28/06/2021

അബുദാബി: കൊവിഡ് ബാധിതരെ എളുപ്പത്തിൽ കണ്ടെത്തുന്നതിനായി ഷോപ്പിങ് മാളുകളിലും ചില ജനവാസ മേഖലകളിലുമടക്കം ഇ.ഡി.ഇ കൊവിഡ് സ്‍കാനറുകൾ സ്ഥാപിക്കുമെന്ന് അബുദാബി അധികൃതർ. എമിറേറ്റിലേക്കുള്ള കര അതിർത്തികളിലും വിമാനത്താവളത്തിലും തിങ്കളാഴ്‍ച മുതൽ ഇത്തരം സ്‍കാനറുകൾ ഉപയോഗിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

നേരത്തെ ഇ.ഡി.ഇ സ്‍കാനറുകൾ ഉപയോഗിച്ച് കൊവിഡ് ബാധിതരെ തിരിച്ചറിയുന്നതിന് നടത്തിയ പരീക്ഷണങ്ങൾ വിജയകരമായിരുന്നുവെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് കമ്മിറ്റി ഞായറാഴ്‍ച അറിയിച്ചു. ഇതേ തുടർന്നാണ് ഇവയ്‍ക്ക് അബുദാബി ആരോഗ്യ വകുപ്പ് അംഗീകാരം നൽകിയത്. കൊവിഡ് ബാധിതരെ കണ്ടെത്താൻ ഇ.ഡി.ഇ സ്‍കാനറുകൾ ഫലപ്രദമാണെന്ന് നേരത്തെ തന്നെ അബുദാബി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചിരുന്നു.

നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് എമിറേറ്റിലെ പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കാനും കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കാനും ശ്രമിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് ഇ.ഡി.ഇ സ്‍കാനിങ് സാങ്കേതിക വിദ്യ സുപ്രധാന പങ്ക് വഹിക്കുമെന്നും സുരക്ഷാ മാർഗങ്ങൾ അവലംബിക്കുന്നതിലൂടെ കൊവിഡ് ഭീഷണിയില്ലാത്ത സുരക്ഷിത സ്ഥലങ്ങൾ സൃഷ്‍ടിക്കാനാവുമെന്നും അധികൃതർ പ്രത്യാശ പങ്കുവെയ്‍ക്കുന്നു. സ്‍കാനറുകളിലൂടെ ഒരാൾ കൊവിഡ് ബാധിതനാണെന്ന് സംശയിക്കുന്നതായി കണ്ടെത്തിയാൽ ഇയാൾക്ക് ആ സ്ഥലത്ത് പ്രവേശനം അനുവദിക്കില്ല. തുടർന്ന് 24 മണിക്കൂറിനിടെ പി.സി.ആർ പരിശോധന നടത്തുന്നതടക്കം അംഗീകൃത മാർഗനിർദേശങ്ങൾ പിന്തുടരണമെന്നും അധികൃതർ അറിയിച്ചു.

Related News