ജൂലൈ 21 വരെ ഇന്ത്യയിൽ നിന്ന് അബുദാബിയിലേയ്ക്ക് സർവീസുകളില്ലെന്ന് ഇത്തിഹാദ്

  • 29/06/2021

അബുദാബി: ജൂലൈ 21 വരെ ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്കുള്ള വിമാന സർവീസുകളില്ലെന്ന് ഇത്തിഹാദ് എയർവെയ്‍സ് അറിയിച്ചു. നിലവിലുള്ള കൊവിഡ് സാഹചര്യങ്ങൾ പരിഗണിച്ചാണ് വിമാന വിലക്ക് നീട്ടുന്നതെന്നും കമ്പനിയുടെ വിശദീകരണത്തിൽ പറയുന്നു.  സർവീസുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് ട്വിറ്ററിലൂടെ ഉപഭോക്താക്കൾ ഉന്നയിച്ച സംശയങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യം ഇത്തിഹാദ് അധികൃതർ അറിയിച്ചിരിക്കുന്നത്.

യാത്രാ വിലക്ക് ജൂലൈ 21 വരെ ദീർഘിപ്പിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് തങ്ങളുടെ വെബ്‍സൈറ്റിൽ കൂടുതൽ വിവരങ്ങൾ നൽകുമെന്നുമാണ് ഇത്തിഹാദ് എയർവെയ്‍സിന്റെ പുതിയ അറിയിപ്പ്. ഇത് സംബന്ധിച്ചുള്ള ചിലവിവരങ്ങൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണെന്നും മറുപടിയിൽ പറയുന്നു. അതേസമയം ജൂലൈ ഏഴ് മുതൽ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ തുടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം എമിറേറ്റ്സ് അറിയിച്ചത്.

Related News