മയക്കുമരുന്ന് ഉപയോഗവും വിൽപനയും; 25 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ റാസൽഖൈമ പൊലീസ് പൂട്ടിച്ചു

  • 02/07/2021

റാസൽഖൈമ: മയക്കുമരുന്ന് ഉപയോഗവും വിൽപനയും പ്രോത്സാഹിപ്പിച്ചതിന് 25 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ റാസൽഖൈമ പൊലീസ് പൂട്ടിച്ചു. ആന്റി നർക്കോട്ടിക്സ് ഓപ്പറേഷൻസ് മേധാവി മേജർ ജനറൽ അബ്‍ദുൽ നസീർ അൽ ഷിറാവിയാണ് ഇക്കാര്യം അറിയിച്ചത്.

മയക്കുമരുന്ന് കടത്തുകാരും വിൽപനക്കാരും പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇവ വിതരണം ചെയ്യാനായി വ്യക്തിഗത സോഷ്യൽമീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതായി റാസൽഖൈമ പൊലീസ് കണ്ടെത്തിയിരുന്നു. ഇത്തരം പ്രവർത്തനങ്ങളെ കണ്ടെത്തി പ്രതിരോധിക്കുന്നതിനായി പ്രത്യേക ഇലക്ട്രോണിക് ഡ്രഗ് കൺട്രോൾ പട്രോൾ ടീമിന് രൂപം നൽകിയിട്ടുണ്ട്. ഈ സംഘമാണ് സോഷ്യൽ മീഡിയ വഴിയുള്ള മയക്കുമരുന്ന് കച്ചവടം പിടികൂടുന്നത്. 

നിയമം ലംഘിക്കുന്നതായി കണ്ടെത്തുന്ന സോഷ്യൽമീഡിയ അക്കൗണ്ടുകൾ യുഎഇ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോരിറ്റിയുമായി ചേർന്ന്  ബ്ലോക്ക് ചെയ്യുകയും അടച്ചുപൂട്ടുകയുമാണ് ചെയ്യുന്നത്. ഇത്തരം ലക്ഷ്യങ്ങളോടെയുള്ള ഓൺലൈൻ ഇടപാടുകളുടെ കെണിയിൽ കുട്ടികൾ വീണുപോകുന്നില്ലെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണം. സംശയകരമായ വെബ്‍സൈറ്റുകൾ ശ്രദ്ധയിൽപെടുമ്പോൾ തന്നെ അവ പൊലീസിനെ അറിയിക്കണമെന്നും ആന്റി നർക്കോട്ടിക്സ് ഓപ്പറേഷൻസ് അധികൃതർ ആവശ്യപ്പെട്ടു.

Related News