ജൂലൈ 21വരെ യുഎഇയിലേക്ക് വിമാന സർവീസുകൾ ഉണ്ടാകില്ലെന്ന് എയർ ഇന്ത്യ

  • 02/07/2021


ദുബൈ: യുഎഇയിലേക്ക് ജൂലൈ 21 വരെ വിമാന സർവീസുകൾ ഉണ്ടാകില്ലെന്ന് എയർ ഇന്ത്യ. ഇതിന് മുമ്പായി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഒഴിവുള്ള മറ്റൊരു യാത്രാദിവസത്തേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റാമെന്ന് എയർ ഇന്ത്യ വെബ്‌സൈറ്റിൽ അറിയിച്ചു. നേരത്തെ ജൂലൈ ആറ് വരെ വിമാന സർവീസുകൾ ഉണ്ടാകില്ലെന്നാണ് എയർ ഇന്ത്യ അറിയിച്ചിരുന്നത്. ഈ തീരുമാനമാണ് നീട്ടിയത്.

ജൂലൈ 21 വരെ ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്കുള്ള വിമാന സർവീസുകളില്ലെന്ന് ഇത്തിഹാദ് എയർവേയ്സും അറിയിച്ചിരുന്നു. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരിൽ യുഎഇ അംഗീകരിച്ച കൊറോണ വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച താമസ വിസകാർക്ക് കഴിഞ്ഞ മാസം 23 മുതൽ രാജ്യത്ത് പ്രവേശിക്കാമെന്ന് അധികൃതർ അറിയിച്ചിരുന്നു.

ചില വിമാനക്കമ്പനികൾ ബുക്കിങ് തുടങ്ങിയിരുന്നെങ്കിലും യാത്രാ നിബന്ധനകളിലെ അവ്യക്തത കാരണം ബുക്കിങ് നിർത്തിവെച്ചു. ഏപ്രിൽ 25 മുതലാണ് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ചത്.

ഇന്ത്യയിൽ നിന്നുള്ളവർക്ക് നേരിട്ട് യുഎഇയിലെത്താൻ വിലക്ക് പ്രാബല്യത്തിലുണ്ടെങ്കിലും നയതന്ത്ര ഉദ്യോഗസ്ഥർ, ഗോൾഡൻ വിസ ഉടമകൾ, യുഎഇ പൗരന്മാർ, യുഎഇ അധികൃതരുടെ യാത്രാ അനുമതി ലഭിച്ചവർ എന്നിവർക്ക് ഈ തീരുമാനത്തിൽ ഇളവുകൾ നൽകിയിട്ടുണ്ട്.

Related News