കിറ്റെക്സ് കേരളം വിട്ടുപോകരുത്; സർക്കാരുമായി ചർച്ചകൾ നടത്തി പ്രശ്നം പരിഹരിക്കണമെന്നും എം എ യൂസഫലി

  • 03/07/2021

അബുദാബി: കിറ്റെക്സ് കേരളം വിട്ടു പോകരുത് എന്ന് വ്യവസായി എം എ യൂസഫലി. നിക്ഷേപങ്ങൾ കേരളത്തിൽ തന്നെ നിലനിർത്തണം. വ്യവസായ സംരംഭങ്ങൾ കേരളം വിട്ടുപോകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും യൂസഫലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കിറ്റെക്സ് എം. ഡി സാബു ജേക്കബുമായി ഇതുസംബന്ധിച്ച് താൻ സംസാരിക്കും.  കിറ്റെക്സ് മാനേജ്‌മെന്റും സംസ്ഥാന സർക്കാരും ചർച്ചകൾ നടത്തി പ്രശ്നം പരിഹരിക്കണമെന്നും എം എ യൂസഫലി പറഞ്ഞു. നൂറു രൂപയുടെ നിക്ഷേപമാണ് എങ്കിൽപ്പോലും കേരളത്തിൽ നിന്നും പോകരുത് എന്നാണ് തന്റെ ആഗ്രഹം എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, 3500 കോടിയുടെ പദ്ധതിയിൽ നിന്ന് പിന്മാറിയ കിറ്റെക്സിനെ അനുനയിപ്പിക്കാൻ സംസ്ഥാന സർക്കാർ ശ്രമം തുടങ്ങി. വ്യവസായ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന വേണ്ടെന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രി പി. രാജീവ് വ്യക്തമാക്കി. പദ്ധതിയിൽ നിന്ന് പിന്മാറിയ കിറ്റെക്സ് ഗ്രൂപ്പിനെ സ്വാഗതം ചെയ്ത് 6 സംസ്ഥാനങ്ങൾ രംഗത്തെത്തിയതിന് പിന്നാലെയാണ് സർക്കാർ നടപടി. എറണാകുളം ജില്ല വ്യവസായ വകുപ്പ് ജനറൽ മാനേജറുടെ നേതൃത്വത്തിലാണ് എംഡി സാബു എം ജേക്കബുമായി ഉദ്യോഗസ്ഥർ രണ്ട് മണിക്കൂറോളം ചർച്ച നടത്തി. പരാതികൾ കേട്ട ഉദ്യോഗസ്ഥർ വ്യവസായ വകുപ്പ് ഡയറക്ടർക്ക് ഉടൻ റിപ്പോർട്ട് നൽകും. സ്വകാര്യ സ്ഥാപനങ്ങളിൽ തെറ്റായ രീതിയിൽ സർക്കാർ ഇടപെടലുണ്ടാകില്ലെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.

Related News