സൗദിയിൽ നിന്ന് ദുബായിലേക്ക് പോയ ചരക്കുകപ്പലിന് നേരെ ആക്രമണം

  • 04/07/2021

ദുബായ്: ജിദ്ദയിൽ നിന്നും ദുബായിലേക്കു പുറപ്പെട്ട ചരക്കു കപ്പലിനുനേരെയുണ്ടായ ആക്രമണത്തിനു പിന്നിൽ ഇറാൻ ആണോ എന്നു സംശയിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ. ഇതു സംബന്ധിച്ച് ഇസ്രയേൽ അന്വേഷണമാരംഭിച്ചതായി ഇസ്രായേൽ ടെലിവിഷനായ എൻ12നെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ശനിയാഴ്ചയാണ് ഇസ്രയേലിന് ഉടമസ്ഥ പങ്കാളിത്തമുള്ള ചരക്കു കപ്പലിനു നേർക്ക് മിസൈൽ ആക്രമണമുണ്ടായത്. നിസാരമായ പരുക്കു മാത്രമാണ് ആക്രമണത്തിൽ സംഭവിച്ചത്. കപ്പൽ യാത്ര തുടരുകയും ചെയ്തിരുന്നു. ജീവനക്കാർക്ക് ആർക്കും പരുക്കേറ്റില്ല. ഇറാനെ പിന്തുണക്കുന്ന ലബനീസ് ടെലിവിഷൻ അൽ മയാദീനാണ് സംഭവം ആദ്യം റിപ്പോർട്ട് ചെയ്തത്.

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷനൽ ഷിപ്പ് മാനേജ്‌മെന്റ് കമ്പനിയായ സോഡിയാക് മാരിടൈം ഉടമസ്ഥതയിലുള്ള തൈൻഡാൽ എന്ന കപ്പലിനു നേരെയാണ് ആക്രമണ ശ്രമമുണ്ടായതെന്ന് എൻ12 ടിവി റിപ്പോർട്ട് ചെയ്തു. എന്നാൽ സിഎസ്എവി തൈൻഡാൽ കപ്പൽ തങ്ങളുടെ ഉടമസ്ഥതയിലോ മാനേജ് ചെയ്യുന്നതോ അല്ലെന്ന് സോഡിയാക് കമ്പനി പിന്നീട് വിശദീകരിച്ചു.

Related News