ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയിൽ കൂടുതൽ ഇന്ത്യൻ നിക്ഷേപകരെത്തുന്നു

  • 07/07/2021

ദുബായ് : റിയൽ എസ്റ്റേറ്റ് വിപണിയിൽ നിക്ഷേപം നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ് മേഖലയിലെ ശക്തമായ നിയന്ത്രണങ്ങളും ഗോൾഡൻ വിസയടക്കമുള്ള വിസ നിയമങ്ങളുടെ ആകർഷണീയതയുമാണ് ദുബായ് നഗരത്തെ ഇന്ത്യൻ നിക്ഷേപകരുടെ രണ്ടാം ഭവനമാക്കി മാറ്റുന്നത്.

മുടക്കുമുതൽ സുരക്ഷിതമെന്നതും തിരികെ ലഭിക്കുന്ന പണം, നിക്ഷേപ മൂല്യത്തിന് അനുസൃതം എന്നതുമാണ് ഇന്ത്യൻ നിക്ഷേപകരെ കടൽ കടന്ന് എത്താൻ പ്രേരിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധികളുടെ നടുവിലും ദുബായ്‌യാണ് ഇന്ത്യക്കാരുടെ സ്വപ്ന നഗരമെന്നു കണക്കുകൾ സൂചിപ്പിക്കുന്നു.

ഇന്ത്യക്കാരായ സമ്പന്നർ മാത്രമല്ല ചെറുകിട, ഇടത്തരം വ്യാപാര, വ്യവസായ സമൂഹവും ദുബായിൽ നിക്ഷേപം നടത്തുകയാണ്. ഇന്ത്യയിലെ ഏതു നഗരത്തിലും താമസിക്കുന്നതിനെക്കാൾ ഗുണമേന്മയാർന്ന ജീവിത നിലവാരം, സുരക്ഷിതത്വം എന്നിവ ദുബായ് നൽകുന്നു.

മുംബൈ അടക്കമുള്ള നഗരങ്ങളിൽ ലഭിക്കുന്നതിനെക്കാൾ കൂടുതൽ സ്ഥലം അതേ തുകയ്ക്ക് ദുബായിൽ ലഭ്യമാകും. റിയൽ എസ്റ്റേറ്റ് മേഖലയിൽ നിലവിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും മുടക്കുന്ന നിക്ഷേപത്തെ സുരക്ഷിതമാക്കും. വിപണിയിലെ ഡിമാൻഡ് നിലനിർത്തുന്നതിന് നിർമാണം നിയന്ത്രിക്കപ്പെടും.

ദുബായിലെ വില്ലകൾ ഉൾപ്പെടെയുള്ള താമസ ഇടങ്ങളുടെ വിൽപ്പനയിൽ 16 ശതമാനവും ഇന്ത്യക്കാരായ നിക്ഷേപകരുടേതാണ്. വിസ നിയമങ്ങളിലെ ഉദാര സമീപനം നിക്ഷേപകരെ ആകർഷിക്കുന്ന മറ്റൊരു ഘടകമാണ്.  10 വർഷത്തെ ഗോൾഡൻ വിസയും 100 ശതമാനം ഉടമസ്ഥാവകാശത്തോടെയുള്ള വ്യാപാര -വ്യവസായ സാധ്യതകളും ദുബായ് നഗരത്തെ നിക്ഷേപകരുടെ പറുദീസയാക്കി മാറ്റുന്ന ചിത്രമാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ കാണുന്നത്.

Related News