ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എമിറേറ്റ്സ് എത്തിച്ചത് 600 ടൺ വരുന്ന 15 കോടി ഡോസ് വാക്സിൻ

  • 07/07/2021



ദുബായ് : ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യു.എ.ഇ.യുടെ കോവിഡ് പ്രതിരോധവാക്സിൻ വിതരണം തുടരുന്നു. എമിറേറ്റ്‌സ് എയർലൈൻ 600 ടൺ വരുന്ന 15 കോടി ഡോസ് കോവിഡ് വാക്സിനുകൾ ഇതിനകം വിതരണംചെയ്തു. ആറുതരം വാക്സിനുകളാണ് ആറുഭൂഖണ്ഡങ്ങളിലെ എൺപതിലേറെ സ്ഥലങ്ങളിലേക്കായി എത്തിച്ചത്.

വാക്സിൻ നിർമാണസ്ഥലങ്ങളിൽനിന്ന് ലോകമെമ്പാടുമുള്ള വികസ്വരരാജ്യങ്ങളിലേക്ക് കോവിഡ് വാക്സിൻ വിതരണംചെയ്യുന്നതിൽ നിർണായക പങ്കുവഹിച്ചതായി എമിറേറ്റ്‌സ് സ്കൈ കാർഗോ അധികൃതർ വ്യക്തമാക്കി. കോവിഡ് വ്യാപനം രൂക്ഷമായിരുന്ന സമയത്തും 200 ടണ്ണിലേറെ മെഡിക്കൽവസ്തുക്കൾ ദിവസവും എമിറേറ്റ്‌സ് പലരാജ്യങ്ങളിലേക്കായി എത്തിച്ചിരുന്നു.

എമിറേറ്റ്‌സ് എയർലൈൻവഴി ലോകമെമ്പാടുമുള്ള വികസ്വരരാജ്യങ്ങളിൽ കോവിഡ് വാക്സിനുകളുടെ വിതരണം വേഗത്തിലാക്കാൻ ദുബായ് കഴിഞ്ഞ ജനുവരിയിലാണ് വാക്സിൻ ലോജിസ്റ്റിക് അലയൻസ് ആരംഭിച്ചത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശങ്ങൾക്കനുസരിച്ചായിരുന്നു ഇത്.

എമിറേറ്റ്‌സ് സ്കൈ കാർഗോ, ഡി.പി.വേൾഡ്, ഇന്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ സിറ്റി, ദുബായ് എയർപോർട്‌സ് എന്നിവ ചേർന്നതാണ് ദുബായ് വാക്സിൻ ലോജിസ്റ്റിക് അലയൻസ്. മഹാമാരിയിൽനിന്ന് കരകയറുന്ന വിപണികളിലാണ് വാക്സിൻ വിതരണത്തിന് ദുബായ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഒരേസമയം വലിയ അളവിൽ വാക്സിൻ ഡോസുകൾ സംഭരിക്കാനും 48 മണിക്കൂറിനുള്ളിൽ ലോകത്തെ ഏതുസ്ഥലത്തേക്കും അവയെത്തിക്കാനും വിതരണംചെയ്യാനുമുള്ള ശേഷിയുണ്ടെന്ന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബായ് എയർപോർട്ട്സ് ചെയർമാനും എമിറേറ്റ്‌സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യുട്ടീവുമായ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം പറഞ്ഞു.

Related News