ദുബൈയില്‍ ജബല്‍ അലി തുറമുഖത്ത് വന്‍ തീപിടിത്തം

  • 08/07/2021

ദുബായ് : ദുബൈയിലെ ജബൽഅലി തുറമുഖത്ത് വൻ തീപിടുത്തം. യു എ ഇ സമയം രാത്രി പന്ത്രണ്ടരയോടെയാണ്  തീപിടുത്തമുണ്ടായത്. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ചരക്കുകപ്പലിലെ കണ്ടയിനറിൽ നിന്നാണ് തീപിടിത്തമുണ്ടായത് എന്ന് ദുബൈ മീഡിയ ഓഫീസ് സ്ഥിരീകരിച്ചു. രാത്രി വലിയ സ്ഫോടനം കേട്ടതായി പരിസരവാസികൾ സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാട്ടി. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. തുറമുഖത്തിന്റെ പ്രവർത്തനത്തെ തീപിടിത്തം ബാധിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

കപ്പലിലെ 130 കണ്ടെയ്നറുകളില്‍ മൂന്നെണ്ണത്തില്‍ തീപിടിക്കാവുന്ന വസ്തുക്കളായിരുന്നുവെന്ന് ദുബായ് പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലെഫ്റ്റനന്‍റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മാറി പറഞ്ഞു.14 ജീവനക്കാരാണ് കപ്പലിലുണ്ടായത്. ഇവരെ രക്ഷപെടുത്തി. അറബ് മേഖലയിലെ ഏറ്റവും വലിയതുറമുഖങ്ങളിലൊന്നാണ് ജബല്‍ അലിയിലേത്.

തീപിടിത്തം പൂർണമായും നിയന്ത്രണവിധേയമായി എന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. തുറമുഖത്തിനടുത്ത് നങ്കൂരമിട്ട ചെറു ചരക്കുകപ്പലിലെ കണ്ടയിനറിൽ നിന്നാണ് തീപടർന്നത്.

 40 മിനിറ്റിനകം തീ നിയന്ത്രിക്കാൻ കഴിഞ്ഞുവെന്ന് ദുബൈ മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു. പരിക്കോ ആളപായമോ ഇല്ലെന്നും അധികൃതർ അറിയിച്ചു. യു എ ഇ സമയം രാത്രി പന്ത്രണ്ടിന് ശേഷമാണ് തീപിടിത്തമുണ്ടായത്. വൻ ശബ്ദത്തോടെ തീപടർന്നത് നഗരവാസികളെ ഏറെ നേരം ആശങ്കയിലാക്കി.

Related News