അനിശ്ചിതത്വത്തിനിടയിൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് വിമാന കമ്പനികൾ

  • 09/07/2021

ദുബൈ: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനിടെ വീണ്ടും ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് ചില വിമാന കമ്പനികൾ. ദുബൈയിലേക്ക് ജൂലൈ 15 മുതലുള്ള ടിക്കറ്റ് ബുക്കിങാണ് ചില ഇന്ത്യൻ വിമാന കമ്പനികൾ ആരംഭിച്ചിരിക്കുന്നത്. 

വിസ്താര എയർലൈന്റെ വെബ്‌സൈറ്റിൽ മുംബൈയിൽ നിന്ന് ദുബൈയിലേക്ക് 895 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. ജൂലൈ 15നും 16നുമായി ഏതാനും ടിക്കറ്റുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഇൻഡിഗോ എയർലൈൻസും യുഎഇയിലേക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കണക്ഷൻ സർവീസിന് 850ദിർഹം മുതലും ജൂലൈ 16 ന് നേരിട്ടുള്ള സർവീസുകൾക്ക് 1,100 ദിർഹം മുതലുമാണ് ടിക്കറ്റ് നിരക്ക്. ദുബൈയുടെ എമിറേറ്റ്‌സ് എയർലൈൻസ്, ബജറ്റ് വിമാനമായ ഫ്‌ലൈ ദുബൈ എന്നിവയും ജൂലൈ 16 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

അതേസമയം ജൂലൈ 21 വരെ ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്കുള്ള വിമാന സർവീസുകളില്ലെന്ന് ഇത്തിഹാദ് എയർവെയ്‍സ് നേരത്തെ അറിയിച്ചിരുന്നു. കൊവിഡ് വ്യാപിച്ച പശ്ചാത്തലത്തിൽ ഏപ്രിൽ 25മുതലാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക്  യുഎഇ യാത്ര വിലക്ക് ഏർപ്പെടുത്തിയത്.

Related News