യുഎഇയിലേക്ക് കൂടുതല്‍ രാജ്യങ്ങള്‍ക്ക് വിലക്ക്; യാത്രാവിലക്ക് അടിയന്തരമായി നീക്കാന്‍ ചര്‍ച്ച നടത്തി ഇന്ത്യ

  • 11/07/2021

അബുദാബി: യുഎഇയിലേക്ക് ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്ക് കൂടി യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും യുഎഇ നാഷണല്‍ എമര്‍ജന്‍സി െ്രെകസിസ് ആന്‍ഡ് ഡിസാസ്‌റ്റേഴ്‌സ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റിയും ചേര്‍ന്നാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 14 ദിവസത്തിനിടയില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും യുഎഇയിലേക്ക് പ്രവേശിക്കുന്നതില്‍ വിലക്കുണ്ട്. 

ഇന്ന്(ജൂലൈ 11)മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക. എന്നാല്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള ട്രാന്‍സിറ്റ്, കാര്‍ഗോ വിമാനങ്ങള്‍ക്ക് ഇളവുകളുണ്ട്. യുഎഇ പൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഗോള്‍ഡന്‍, സില്‍വര്‍ വിസ ഉടമകള്‍, ഔദ്യോഗിക പ്രതിനിധി സംഘത്തില്‍പ്പെടുന്നവര്‍, മുന്‍കൂര്‍ അനുമതിയുള്ള ബിസിനസുകാര്‍, സുപ്രധാന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കും യാത്രാ വിലക്കില്‍ ഇളവ് ലഭിക്കും. 48 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഉള്‍പ്പെടെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. 10 ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണം. വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും രാജ്യത്ത് പ്രവേശിച്ച് നാലാമത്തെയും എട്ടാമത്തെയും ദിവസം വീണ്ടും കൊവിഡ് പരിശോധന നടത്തുകയും വേണം.  

അതേസമയം, ഇന്ത്യക്കാരുടെ യാത്രാവിലക്ക് നീക്കാന്‍ അടിയന്തര നടപടി വേണമെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ പവന്‍ കപൂര്‍. മന്ത്രിയും ദുബൈ എക്‌സ്‌പോ ഡയറക്ടര്‍ ജനറലുമായ റീം അല്‍ ഹാഷ്മിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം മുന്നോട്ടുവെച്ചത്. വാക്‌സിനെടുത്ത ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ നടപടി വേണമെന്നും ഇന്ത്യയിലെയും യു.എ.ഇയിലെയും വാക്‌സിനുകള്‍ക്ക് പരസ്പരം അനുമതി നല്‍കുന്നതിനെ കുറിച്ചും ചര്‍ച്ച നടന്നു. അതിനിടെ, ഇന്ത്യയില്‍ കുടുങ്ങിയ ആരോഗ്യ പ്രവര്‍ത്തകര്‍ യു.എ.ഇയില്‍ തിരിച്ചെത്തി തുടങ്ങി.

ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ പ്രത്യേക അനുമതിയോടെ ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം യു.എ.ഇയില്‍ മടങ്ങിയെത്തി. ആസ്റ്റര്‍ ഹോസ്പിറ്റലുകളിലെയും ക്ലിനിക്കുകളിലെയും ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് എത്തിയത്. മറ്റു സ്വകാര്യ മെഡിക്കല്‍ സംരംഭങ്ങളും ഇന്ത്യയില്‍ കുടുങ്ങിയ ജീവനക്കാരെ തിരിച്ചു കൊണ്ടുവരാനുള്ള തിടുക്കത്തിലാണ്.


Related News