പെരുന്നാൾ പൊലിമയിൽ ഗൾഫ് രാജ്യങ്ങൾ

  • 20/07/2021


ദുബൈ: കൊവിഡ് നിയന്ത്രണങ്ങളുടെ പരിമിതിക്കിടയിലും പെരുന്നാൾ പൊലിമയിലാണ് ഗൾഫിലെ ലക്ഷകണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹം. അതേസമയം ഹജ്ജ് കർമ്മം അനുഷ്‍ഠിക്കുന്ന തീർഥാടകർ മിനായിലെ കല്ലേറ് കർമ്മത്തിൽ പങ്കെടുത്തു.

ആറ് ഗൾഫ് രാജ്യങ്ങളും ബലിപെരുന്നാളിന്റെ നിറവിലാണ്. തഖ്‍ബീർ മുഴങ്ങുന്ന പുലരിയിൽ പ്രവാചകൻ ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെ ത്യാഗസ്മരണകൾ പുതുക്കി വിശ്വാസികൾ പള്ളികളിലേക്കും ഈദ്‍ഗാഹുകളിലേക്കും ഒഴുകിയെത്തി. യുഎഇ, സൗദി അറേബ്യ കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങളിലെ ഈദ്‍ഗാഹുകളിലും പള്ളികളിലും കൊവിഡ് നിയന്ത്രണങ്ങളോടെ പെരുന്നാൾ നമസ്‍കാരം നടന്നു. ഒമാനിൽ സമ്പൂർണ ലോക്ക്ഡൗൺ ആയതിനാൽ നമസ്‍കാരം വീടുകളിൽ ചുരുങ്ങി. ബഹ്റൈനിൽ ഗ്രാൻഡ് മസ്ജിദിൽ 30 പേർക്ക് നമസ്‍കാരത്തിന് അനുമതി നൽകി. യു.എ.ഇയിൽ ഈദ്‍ഗാഹുകളിൽ പരസ്‍പരം ആലിംഗനം ചെയ്യുന്നതും ഹസ്‍തദാനം നടത്തുന്നതും വിലക്കിയിരുന്നു.

അതേസമയം ഹജ്ജ് കർമ്മം അനുഷ്‍ഠിക്കുന്ന തീർഥാടകർ മിനായിലെ കല്ലേറ് കർമ്മത്തിൽ പങ്കെടുത്തു. സാത്താന്റെ പ്രതീകമായ ജംറയിൽ കല്ലേറ് കർമ്മം നടത്താനുള്ള ചെറു കല്ലുകൾ മുസ്‌ദലിഫയിൽ നിന്നു ശേഖരിക്കുകയായിരുന്നു പതിവെങ്കിലും ഇത്തവണ അണുവിമുക്തമാക്കിയ കല്ലുകൾ ഹജ്ജ് മന്ത്രാലയം തീർത്ഥാടകർക്ക് നൽകി. അകലം പാലിച്ച് കല്ലെറിയാൻ വ്യത്യസ്‍ത സമയം ക്രമീകരിച്ചിട്ടുണ്ട്. കല്ലേറ് കർമ്മത്തിന് ശേഷം തല മുണ്ഡനം ചെയ്യുന്ന ഹാജിമാര്‍ ബലി കർമ്മത്തിൽ പങ്കെടുക്കും. മിനായിൽനിന്ന് മക്ക ഹറം പള്ളിയിലെത്തി വിടവാങ്ങൽ പ്രദക്ഷിണം കൂടി നിർവഹിക്കുന്നതോടെ ഇത്തവണത്തെ ഹജ്ജ് കർമ്മങ്ങൾക്ക് പ്രാഥമിക വിരാമമാകും. സൗദിയിൽ താമസിക്കുന്ന, പ്രവാസി മലയാളികളടക്കം, 150 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 60,000 പേരാണ് ഇത്തവണ ഹജ്ജ് തീർഥാടത്തിന്റെ ഭാഗമാകുന്നത്.

Related News