ദുബൈ എയര്‍പോര്‍ടില്‍ വിമാനങ്ങള്‍ തമ്മില്‍ ഉരസി: വൻ ദുരന്തം ഒഴിവായി

  • 22/07/2021


ദുബൈ: ദുബൈ എയര്‍പോര്‍ടില്‍ വിമാനങ്ങള്‍ തമ്മില്‍ ഉരസി. ഗള്‍ഫ് എയറിന്റെ വിമാനത്തിന്റെ പിന്‍ഭാഗം ഫ്‌ളൈ ദുബൈ വിമാനത്തില്‍ മുട്ടുകയായിരുന്നു. ഇന്ന്  പുലര്‍ച്ചെയായിരുന്നു സംഭവം.

അപകടത്തില്‍ പെട്ട രണ്ട് വിമാനങ്ങളിലും യാത്രക്കാരുണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് എയര്‍പോര്‍ടിലെ ഒരു റണ്‍വേ താല്‍ക്കാലികമായി അടച്ചിരുന്നുവെങ്കിലും രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും തുറന്നു. ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ടില്ല. ബഹ്റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമാന കമ്പനിയാണ് ഗള്‍ഫ് എയര്‍. യാത്രക്കാരെ ലക്ഷ്യ സ്ഥാനങ്ങളില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചുവരികയാണെന്ന് ഗള്‍ഫ് എയര്‍ അറിയിച്ചു.

ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ടില്‍ നിന്നും ബിഷ്കെക് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് (കിര്‍ഗിസ്ഥാന്‍) പോവുകയായിരുന്ന FZ 1461 വിമാനമാണ് അപകടത്തില്‍ പെട്ടത്. തുടര്‍ന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തിലേയ്ക്ക് മാറ്റി. 

യാത്രക്കാര്‍ക്കുണ്ടായ പ്രയാസങ്ങളില്‍ ക്ഷമിക്കണമെന്ന് ഫ്‌ളൈ ദുബൈ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അപകടത്തെ കുറിച്ച്‌ അന്വേഷണം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related News