ഷാര്‍ജയില്‍ വന്‍ ലഹരിമരുന്ന് വേട്ട

  • 30/07/2021

ഷാര്‍ജ: ഷാര്‍ജയില്‍ വന്‍ ലഹരിമരുന്ന് വേട്ട. ക്രിസ്റ്റല്‍ രൂപത്തിലുള്ള 93 കിലോ മെതഡിനും 3,000 മെതഡിന്‍ ഗുളികകളും രാജ്യത്തേക്ക് കടത്താനുള്ള ശ്രമമാണ് ഷാര്‍ജ, തുറമുഖ, കസ്റ്റംസ് ആന്‍ഡ് ഫ്രീ സോണ്‍സ് അതോറിറ്റി തടഞ്ഞത്.

അയല്‍രാജ്യത്തിന് നിന്ന് ഭക്ഷ്യവസ്തുക്കളുമായി എത്തിയ കണ്ടെയ്‌നറില്‍ ഒളിപ്പിച്ച നിലയിലായിരുന്ന ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്. ബലിപെരുന്നാള്‍ അവധി ദിവസങ്ങളില്‍ രാജ്യത്തേക്ക് എത്തിയ കണ്ടെയ്‌നര്‍ പരിശോധിക്കുന്നതിനിടെയാണ് ലഹരിമരുന്ന് കണ്ടെത്തിയതെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. 

കണ്ടെയ്‌നറിലെ വസ്തുക്കളുടെ ഭാരത്തില്‍ തോന്നിയ വ്യത്യാസമാണ് വിശദമായ പരിശോധനയിലേക്ക് നയിച്ചത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു പരിശോധന. കണ്ടെയ്‌നറിനുള്ളില്‍ ഇരുമ്പ് സിലിണ്ടറുകളിലാക്കിയായിരുന്നു ലഹരിമരുന്ന് ഒളിപ്പിച്ചത്.

വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, കര എന്നീ മാര്‍ഗങ്ങളിലൂടെയുള്ള കള്ളക്കടത്ത് ശ്രമങ്ങള്‍ കണ്ടെത്താനുള്ള നൂതന സംവിധാനങ്ങള്‍ ഷാര്‍ജ കസ്റ്റംസിന്റെ പക്കലുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. സമൂഹത്തിന്റെ സുരക്ഷയെയും സാമ്പത്തിക രംഗത്തിനെയും ബാധിക്കുന്ന കള്ളക്കടത്ത് ഇല്ലാതാക്കാന്‍ മറ്റ് വകുപ്പുകളുടെ സഹകരണത്തോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശ്രമം തുടരുകയാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

Related News