അണുനശീകരണ സമയത്ത് അനുമതിയില്ലാതെ പുറത്തിറങ്ങുന്നവർക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ്

  • 05/08/2021

അബുദാബി : പ്രത്യേക അനുമതിയില്ലാതെ അണുനശീകരണ സമയത്ത് പുറത്തിറങ്ങുന്നവർക്ക് 3000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു.

രാത്രി 12 മണി മുതൽ രാവിലെ അഞ്ചുവരെയാണ് അണുനശീകരണം നടക്കുന്നത്. ഈ സമയത്ത് പുറത്തിറങ്ങുന്നതിന് ജനങ്ങൾക്ക് വിലക്കുണ്ട്.

അത്യാവശ്യമെങ്കിൽ മരുന്ന്, ഭക്ഷണം എന്നിവ വാങ്ങാനല്ലാതെ ഈ സമയത്ത് പുറത്തിറങ്ങരുത്. അബുദാബി പോലീസ് വെബ്‌സൈറ്റിലോ www.adpolice.gov.ae മൊബൈൽ ആപ്പിലോ പെർമിറ്റിനായി അപേക്ഷിക്കാം.

അപേക്ഷകന്റെ പേര്, മൊബൈൽ നമ്പർ, വാഹനത്തിന്റെ നമ്പർപ്ലേറ്റ് വിവരങ്ങൾ എന്നിവയാണ് ഇതിന് ആവശ്യം. പുറത്തിറങ്ങുന്നതിന്റെ വ്യക്തമായ കാരണവും ഇതോടൊപ്പം അറിയിക്കണം.

ഉടൻതന്നെ യാത്രാ പെർമിറ്റ് ലഭിക്കുന്നതാണ്. യാത്രയുടെകാരണം വ്യക്തമാക്കുന്ന കോളത്തിൽ ‘മറ്റു കാരണങ്ങൾ’ എന്ന് അടയാളപ്പെടുത്തുന്നവർക്ക് യാത്രാനുമതി ലഭിക്കുന്നത് വൈകും.

അണുനശീകരണസമയത്ത് മറ്റ് എമിറേറ്റുകളിൽനിന്നും അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ട്.

യാത്രാ പെർമിറ്റ് ഉള്ളവർക്കും പ്രത്യേകാനുമതിയുള്ള വിഭാഗങ്ങൾക്കും യാത്രചെയ്യുന്നതിന് വിലക്കില്ല. പെർമിറ്റുള്ളവർക്ക് ടാക്സി ഉപയോഗത്തിനും വിലക്കില്ല.

ബസ്സുടമകളടക്കമുള്ള മറ്റ് പൊതുഗതാഗത സംവിധാനങ്ങളെല്ലാം ഈ സമയങ്ങളിൽ പ്രവർത്തിക്കില്ല. വിമാനത്താവളത്തിൽനിന്നും താമസസ്ഥലത്തേക്ക് എയർപോർട്ട് ടാക്സിയിൽ യാത്രചെയ്യാൻ പെർമിറ്റിന്റെ ആവശ്യമില്ല.

എന്നാൽ സ്വകാര്യ വാഹനമുപയോഗിക്കുന്നവർക്ക് പെർമിറ്റ് ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് – 8003333.

Related News