ദുബൈ പൊലീസിന്റെ 'പോസിറ്റീവ് സ്പിരിറ്റി'ന്റെ ഭാഗമായി മൂന്നുവയസ്സുകാരി ദാനിയ

  • 08/08/2021


ദുബൈ: ദുബൈ പൊലീസിന്റെ സാമൂഹിക പദ്ധതികളിലൊന്നായ 'പോസിറ്റീവ് സ്പിരിറ്റി'ന്റെ ഭാഗമായി മൂന്നുവയസ്സുകാരി ദാനിയ ഖാലിദ്. ദുബൈ പൊലീസിനൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വൊളന്റിയര്‍മാരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ദാനിയ.

തൊഴിലാളികള്‍ക്ക് കുടിവെള്ളം, പാനീയങ്ങള്‍, കുടകള്‍ എന്നിവയാണ് ദാനിയ പിതാവിന്റെ മേല്‍നോട്ടത്തില്‍ വിതരണം ചെയ്തത്. കുട്ടികളില്‍ സന്നദ്ധ പ്രവര്‍ത്തന മനോഭാവം വളര്‍ത്തുന്നതിനും പ്രചോദിപ്പിക്കുന്നതിനുമാണ് ദാനിയയെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കിയതെന്ന് പോസിറ്റീവ് സ്പിരിറ്റ് പദ്ധതി ജനറല്‍ കോ ഓര്‍ഡിനേറ്റര്‍ ഫാത്തിമ ബുഹാജീര്‍ പറഞ്ഞു. പൊലീസിനൊപ്പം സേവനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യേണ്ട  Volunteers.ae എന്ന വെബ്‌സൈറ്റ് വഴിയാണ് ദാനിയ പദ്ധതിയില്‍ ചേര്‍ന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

വൊളന്റിയര്‍മാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ പരിഗണിച്ച് എല്ലാ കൊവിഡ് മുന്‍കരുതലുകളും പാലിച്ചാണ് സേവനപ്രവര്‍ത്തനം നടത്തുന്നത്. സന്നദ്ധസേവനത്തില്‍ മകളുടെ താല്‍പ്പര്യം അതിയായ സന്തോഷം ഉണ്ടാക്കുന്നുവെന്നും പുതിയ തലമുറയ്ക്ക് ഈ മേഖലയിലേക്ക് മുമ്പോട്ട് വരാന്‍ ഇത് പ്രചോദനമാകട്ടെയെന്നും ദാനിയയുടെ പിതാവ് ഖാലിദ് സാലെഹ് പറഞ്ഞു. 

Related News