എമിറേറ്റ്‌സ് ഐഡിയുടെ പുതിയ പതിപ്പ് പുറത്തിറക്കി

  • 09/08/2021


അബുദാബി: യുഎഇയിലെ പൗരന്മാരുടെയും താമസക്കാരുടെയും തിരിച്ചറിയല്‍ കാര്‍ഡായ എമിറേറ്റ്‌സ് ഐഡിയുടെ പുതിയ പതിപ്പ് പുറത്തിറക്കി. ഐഡന്റിറ്റി കാര്‍ഡും പാസ്‌പോര്‍ട്ടും നവീകരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ കാര്‍ഡ് പുറത്തിറക്കുന്നത്. 

നിലവിലെ കാര്‍ഡിന്റെ കാലാവധി കഴിഞ്ഞവര്‍ക്കും കാര്‍ഡ് നഷ്ടപ്പെടുകയോ കേടുവരികയോ ചെയ്തതിനെ തുടര്‍ന്ന് പുതിയത് അപേക്ഷിക്കുന്നവര്‍ക്കുമായിരിക്കും ഈ കാര്‍ഡ് ലഭിക്കുക. കാലാവധി കഴിയുന്നത് വരെ താമസക്കാര്‍ പഴയ ഐഡി കാര്‍ഡ് ഉപയോഗിക്കുന്നത് തുടരണമെന്ന് ഐസിഎ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സഈദ് അല്‍ ഖൈലി പറഞ്ഞു.

എന്നാല്‍ പുതിയ എമിറേറ്റ്‌സ് ഐഡി കാര്‍ഡിന് ഫീസ് കൂടില്ലെന്ന് ഐസിഎ അറിയിച്ചു. ആധുനിക സംവിധാനങ്ങളോടെയാണ് ഉന്നത നിലവാരമുള്ള കാര്‍ഡ് നിര്‍മ്മിച്ചിരിക്കുന്നത്. 10 വര്‍ഷത്തിലേറെ  ഇത് ഉപയോഗിക്കാം. ത്രീഡി ചിത്രമാണ് കാര്‍ഡില്‍ പതിക്കുക. കാര്‍ഡ് ഉടമയുടെ ജനന തീയതി കാണിക്കാന്‍ ലേസര്‍ പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിക്കും. കാര്‍ഡിലെ ചിപ്പിന് നോണ്‍-ടച്ച് ഡേറ്റ റീഡിങ് സവിഷേതയുണ്ട്. കാര്‍ഡ് ഉടമയുടെ പ്രൊഫഷണല്‍ വിവരങ്ങള്‍, ജനസംഖ്യ  ഗ്രൂപ്പ് എന്നിവയും കാര്‍ഡില്‍ ഉള്‍പ്പെടും.  

Related News