പണം നല്‍കാനുണ്ടെന്ന വ്യാജേന മരണപ്പെട്ടയാളുടെ മകന് വാട്‌സാപ്പ് സന്ദേശം അയച്ച് തട്ടിപ്പ്: പ്രതി പിടിയിൽ

  • 14/08/2021



ദുബൈ: അബുദാബിയില്‍ പണം നല്‍കാനുണ്ടെന്ന വ്യാജേന മരണപ്പെട്ടയാളുടെ മകന് വാട്‌സാപ്പ് സന്ദേശം അയച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചയാള്‍ക്ക് അബുദാബി കോടതി തടവുശിക്ഷ വിധിച്ചു. രണ്ട് മാസത്തെ തടവുശിക്ഷയ്ക്ക് പുറമെ ഇയാളുടെ വാട്‌സാപ്പ് അക്കൗണ്ട് റദ്ദാക്കാനും കോടതി ഉത്തരവിട്ടു.  

മരണ വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് തട്ടിപ്പ് നടത്താനാണ് പ്രതി ശ്രമിച്ചത്. ഈ നമ്പറില്‍ ബന്ധപ്പെട്ട പ്രതി, താനൊരു വ്യാപാരിയാണെന്നും മരിച്ചയാള്‍ സാധനങ്ങള്‍ വാങ്ങിയ വകയില്‍ പണം നല്‍കാനുണ്ടെന്നും ചൂണ്ടിക്കാട്ടി ഇയാളുടെ മകന് വാട്‌സാപ്പ് സന്ദേശം അയയ്ക്കുകയായിരുന്നു. സാധനങ്ങള്‍ വാങ്ങിയതിന്റെ പണമായി 900 ദിര്‍ഹം ബാങ്ക് അക്കൗണ്ട് വഴി കൈമാറണമെന്നും ഇയാള്‍ സന്ദേശത്തില്‍ പറഞ്ഞു. തുടര്‍ന്ന് സന്ദേശം ലഭിച്ച മരണപ്പെട്ടയാളുടെ മകന്‍ പ്രതിയോട് വാണിജ്യ ലൈസന്‍സും തിരിച്ചറിയല്‍ കാര്‍ഡും കൈമാറാനും തന്നെ ഫോണ്‍ വിളിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ പ്രതി ഇതിന് തയ്യാറായില്ല.

തുടര്‍ന്ന് സംശയം തോന്നിയ യുവാവ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അബുദാബി ജുഡീഷ്യല്‍ വിഭാഗത്തിലെ ഫോറന്‍സിക് ആന്‍ഡ് ഡിജിറ്റല്‍ സയന്‍സസ് സംഘത്തിന്റെ അന്വേഷണത്തില്‍ ഇത് തട്ടിപ്പാണെന്ന് തെളിഞ്ഞു. ഇതോടെ പ്രതിയെ പിടികൂടി പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. പ്രതിയെ രണ്ടുമാസത്തെ തടവുശിക്ഷയ്ക്ക് വിധിച്ച കോടതി ഇയാളുടെ ഫോണിലെ എല്ലാ ഡാറ്റകളും ഡിലീറ്റ് ചെയ്യാനും വാട്‌സാപ്പ് അക്കൗണ്ട് സ്ഥിരമായി റദ്ദാക്കാനും ഉത്തരവിടുകയായിരുന്നു.  

Related News