അഹല്യാ ഗ്രൂപ്പിന്റെ ഇ–മെയിൽ ഐഡിയുണ്ടാക്കി ജോലി തട്ടിപ്പ്: ഇന്ത്യക്കാർ ഉൾപ്പെടെ നിരവധിപേരുടെ പണം നഷ്ട്ടമായി

  • 15/08/2021


അബുദാബി :  അബുദാബിയിലെ അഹല്യാ ഗ്രൂപ്പിന്റെ ഇ–മെയിൽ ഐഡിയുണ്ടാക്കി ജോലി തട്ടിപ്പ്. ഇന്ത്യക്കാർ ഉൾപ്പെടെ നിരവധിപേരുടെ പണം നഷ്ട്ടമായി. ഇതിനെതിരെ  നഴ്സുമാരടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് മുന്നറിയിപ്പുമായി അഹല്യാ മെഡിക്കൽ ഗ്രൂപ്പ് രംഗത്ത് വന്നു.

കൊറോണ കാലത്ത് തൊഴിൽ നഷ്ടപ്പെട്ട നിരവധി ആളുകൾ ലോകമെമ്പാടും അതിജീവനത്തിനായി നടത്തുന്ന പോരാട്ടം മുതലെടുത്താണ് ഏജന്റുമാർ ഇത്തരം ചതിക്കുഴികളുമായി ആരോഗ്യ സ്ഥാപനങ്ങളുടെയും പേരിൽ വ്യാജ രേഖകൾ അയച്ച് തൊഴിലന്വേഷകരെ വഞ്ചിക്കാൻ മുന്നോട്ട് വന്നത്.

അഹല്യാ മെഡിക്കൽ ഗ്രൂപ്പിന്റെ വ്യാജ ഇ– മെയിൽ ഐഡി മുഖേന ഇന്ത്യക്കാരായ പല തൊഴിലന്വേഷകർക്കും തൊഴിൽ കരാർ നൽകിയതായി  കണ്ടെത്തിയതായും വ്യാജ തൊഴിൽ രേഖകൾ ലഭിച്ച ഉദ്യോഗാർഥികൾ പലരും നേരിട്ടും ഇ– മെയിൽ മുഖേനയും അഹല്യാ ഗ്രൂപ്പുമായി ബന്ധപ്പെട്ടപ്പോഴാണ് വൻ ശമ്പളം ഓഫർ ചെയ്ത രീതിയിൽ വ്യാജരേഖകളുടെ കോപ്പികൾ ശ്രദ്ധയിൽപ്പെടുന്നതെന്നും അധികൃതർ പറഞ്ഞു.

ഓൺലൈൻ ഇന്റർവ്യൂ, ടെലഫോണിക് ഇന്റർവ്യൂ തുടങ്ങിയ ചാനൽ വഴിയാണ് ഏജന്റുമാർ ഉദ്യോഗാർഥികളുടെ വിശ്വാസ്യത പിടിച്ചു പറ്റുന്നത്. ഈ തട്ടിപ്പിനെതിരെ നിയമ നടപടികളുമായ് മുന്നോട്ടു പോകുമെന്ന് അഹല്യാ ഗ്രൂപ്പ് എച്ച് ആർ വിഭാഗം അറിയിച്ചു.

അഹല്യാ മെഡിക്കൽ ഗ്രൂപ്പിന് ഏതെങ്കിലും റിക്രൂട്ട്മെൻ്റ് ഏജൻസികളുമായി കരാറോ തൊഴിലവസങ്ങൾ നൽകുന്നതിന് ഫീസോ ഈടാക്കാറില്ല എന്നും ജോലി അന്വേഷകരോട് തട്ടിപ്പിനിരയാവാതെ ശ്രദ്ധിക്കണമെന്നും അറിയിച്ചു.

സംശയാസ്പദമായ ഏതെങ്കിലും തൊഴിൽ കരാറുകൾ കൈപ്പറ്റിയാൽ അഹല്യാ മെഡിക്കൽ ഗ്രൂപ്പ് അധികൃതരെ hrahalia@ahaliagroup.com  എന്ന ഇ– മെയിൽ വഴി ബന്ധപ്പെടണം എന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Related News