വാക്ക് പാലിച്ച് മോഹൻലാൽ; അബുദാബിയിലെ നഴ്സുമാരുമായി കൂടിക്കാഴ്ച നടത്തി

  • 24/08/2021

അബുദാബി: കഴിഞ്ഞ വർഷം അന്താരാഷ്‌ട്ര നഴ്‌സസ് ദിനത്തിൽ യുഎഇയിലെ കൊറോണ മുന്നണിപ്പോരാളികൾക്ക് നൽകിയ വാക്ക് സൂപ്പർതാരം മോഹൻലാൽ മറന്നില്ല. 'ലാലേട്ടാ, യുഎഇയിലെത്തുമ്പോൾ ഞങ്ങളെയൊക്കെ ഒന്ന് കാണാൻ വരാമോ', എന്ന ആഗ്രഹം അന്ന് പങ്കുവച്ച രജിസ്‌ട്രേഡ് നഴ്സ് സോണിയ ചാക്കോയ്ക്കും സഹപ്രവർത്തകർക്കും വൻ സർപ്രൈസൊരുക്കി മോഹൻലാൽ അവരെ നേരിൽ കാണാനെത്തി. മോഹൻലാൽ വരുമോ ഇല്ലയോ എന്ന ചോദ്യം അപ്രസക്തമാക്കിയായിരുന്നു.

 ആരോഗ്യപ്രവർത്തകരെ നേരിൽ കാണാനുള്ള അബുദാബിയിലേക്കുള്ള മോഹൻലാലിന്റെ മാസ് എൻട്രി. താരപരിവേഷമില്ലാതെ മുന്നണിപ്പോരാളികളുടെ വിശേഷങ്ങളും അനുഭവങ്ങളും കേട്ടും അവർക്ക് പ്രചോദനമാകുന്ന വാക്കുകൾ പറഞ്ഞും മോഹൻലാൽ അവർക്കൊപ്പം സമയം ചെലവഴിച്ചു.

യുഎഇയിലെ മുന്നണിപ്പോരാളികൾക്ക് ഹൃദയസ്പർശിയായ ആദരവൊരുക്കാൻ അബുദാബിയിലെ വിപിഎസ്-ബുർജീൽ മെഡിക്കൽ സിറ്റിയിലാണ് മലയാളത്തിന്റെ സൂപ്പർസ്റ്റാർ എത്തിയത്. മെഡിക്കൽ സിറ്റിയിലെ മുന്നണിപ്പോരാളികളെ സന്ദർശിച്ച താരം കൊറോണ വൈറസിനെതിരായ പോരാട്ടത്തിലെ ആരോഗ്യപ്രവർത്തകരുടെ നിരന്തരമായ സേവനത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

"എത്രയും വേഗം മഹാമാരി മാറട്ടെയെന്ന് പ്രതീക്ഷിക്കാം. ആരോഗ്യപ്രവർത്തകർ അനുഭവിക്കുന്ന വെല്ലുവിളികൾ നേരിട്ടറിയാവുന്ന ആളാണ് ഞാൻ. അവർക്ക് പ്രേരണ നൽകാനായി കഴിഞ്ഞ വർഷം സംസാരിക്കാൻ ആയതിൽ സന്തോഷമുണ്ട്. വരാമെന്ന് അവർക്ക് നൽകിയ ഉറപ്പ് സാധിച്ചു തന്നതിന് ദൈവത്തിന് നന്ദി. ആരോഗ്യപ്രവർത്തകരുടെ ധൈര്യത്തെയും ത്യാഗങ്ങളെയും അഭിനന്ദിക്കുന്നു, എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നിങ്ങൾക്ക് നന്ദി. ഇതുപോലൊരു ചടങ്ങിൽ പങ്കെടുക്കാനായത് ഭാഗ്യമായി കരുതുന്നു,” മുന്നണിപ്പോരാളികളോട് മോഹൻലാൽ പറഞ്ഞു.

മോഹൻലാലുമായി നഴ്‌സസ് ഡേയിൽ ഫോണിലൂടെ സംസാരിച്ച വിവിധ എമിറേറ്റുകളിലെ നഴ്‌സുമാർ അദ്ദേഹത്തെ കാണാനുള്ള ക്ഷണം സ്വീകരിച്ച് ബുർജീൽ മെഡിക്കൽ സിറ്റിയിൽ എത്തിയിരുന്നു. മറ്റുള്ളവർ ഓൺലൈനായും പങ്കെടുത്തു. ആരോഗ്യപ്രവർത്തകരുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയതിന് വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിലിന് മോഹൻലാൽ നന്ദി പറഞ്ഞു.

300കിലോ പൂക്കൾ കൊണ്ട് 300 ചതുരശ്രമീറ്ററിൽ ഒരുക്കിയ പൂക്കളത്തിൽ മോഹൻലാലി​ന്‍റെ മുഖവും ഉൾപെടുത്തിയിരുന്നു. ജോൺ സുനിൽ സ്വാഗതവും മീഡിയോർ- സഫീർ അഹമ്മദ് നന്ദിയും പറഞ്ഞു.

Related News