യാത്ര നിയന്ത്രിച്ചിട്ടുള്ള രാജ്യങ്ങളില്‍ നിന്നും വിസിറ്റ് വിസയും എന്‍ട്രി പെര്‍മിറ്റും ഉള്ളവര്‍ക്ക് ദുബായിലേക്ക് യാത്ര ചെയ്യാമെന്ന് എമിറേറ്റ്സ്

  • 31/08/2021


ദുബായ്: യുഎഇ-യിലേക്ക് യാത്ര നിയന്ത്രിച്ചിട്ടുള്ള രാജ്യങ്ങളില്‍ നിന്നും വിസിറ്റ് വിസയും എന്‍ട്രി പെര്‍മിറ്റും ഉള്ളവര്‍ക്ക് ദുബായിലേക്ക് യാത്ര ചെയ്യാമെന്ന് എമിറേറ്റ്സ്. എമിറേറ്റ്‌സ് ട്വിറ്ററിലൂടെയാണ് വിവരം പങ്കുവച്ചത്. 
ഉപഭോക്താക്കളുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് എമിറേറ്റ്‌സ് ഇക്കാര്യം അറിയിച്ചത്.

എന്‍ട്രി പെര്‍മിറ്റ് ഉള്ളവര്‍ക്ക് പാകിസ്താനില്‍ നിന്നും ദുബായിയിലേക്ക് യാത്ര ചെയ്യാം. ഇവര്‍ക്ക് ജിഡിആര്‍എഫ്‌എ അപ്രൂവല്‍ ആവശ്യമില്ലയെന്ന് എമിറേറ്റ്സ് ഒരു ട്വീറ്റില്‍ പറഞ്ഞു.

പുതിയ അപ്‌ഡേറ്റുകള്‍ പ്രകാരം പുതുതായി നല്‍കിയ വിസിറ്റ് വിസ ഉള്ളവര്‍ക്ക് ജിഡിആര്‍എഫ്‌എ, ഐസിഎ (ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്) അപ്രൂവല്‍ ഇല്ലാതെ ദുബായിലേക്ക് യാത്ര ചെയ്യാം എന്ന് മറ്റൊരു ട്വീറ്റിലും പറഞ്ഞു.

മറ്റൊരു മറുപടിയില്‍ ടൂറിസ്റ്റ് വിസ ഉള്ളവര്‍ക്കും ദുബായിലേക്ക് യാത്ര ചെയ്യാമെന്ന് എമിറേറ്റ്സ് വ്യക്തമാക്കി. ഇവര്‍ വിമാനത്തില്‍ കയറുന്നതിനു 48 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റീവ് ഫലവും ആറ് മണിക്കൂറിനുള്ളില്‍ എടുത്ത റാപിഡ് പിസിആര്‍ നെഗറ്റീവ് ഫലവും നല്‍കണം എന്ന് വ്യക്തമാക്കി. ഈ വിവരങ്ങള്‍ എല്ലാം തന്നെ ഉടനെ എമിറേറ്റ്സിന്റെ വെബ്‌സൈറ്റില്‍ അപ്ഡേറ്റ് ചെയ്യുമെന്നും ട്വിറ്ററിലൂടെ പറഞ്ഞു.

ആഗസ്റ്റ് 30 മുതല്‍ എല്ലാരാജ്യങ്ങളില്‍ നിന്നുമുള്ള വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച ആളുകളുടെ ടൂറിസ്റ്റ് വിസകള്‍ക്കുള്ള അപേക്ഷ അംഗീകരിക്കുമെന്ന് യുഎഇയുടെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐസിഎ), നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (എന്‍സിഇഎംഎ) എന്നിവര്‍ സംയുക്തമായി ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള രണ്ട് ഡോസ് കോവിഡ് വാക്സിനും സ്വീകരിച്ച യാത്രക്കാര്‍ക്ക് യുഎഇ ടൂറിസ്റ്റ് വിസ നല്‍കാന്‍ ആരംഭിച്ചത് ഇന്നലെയാണ്. ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് -19 വാക്‌സിനുകളിലൊന്ന് ഉപയോഗിച്ച്‌ പൂര്‍ണമായും പ്രതിരോധ കുത്തിവയ്പ് എടുത്തവര്‍ക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുക.

Related News