ഡല്‍ഹിയില്‍ 46 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ്​ മഴ; വിമാനങ്ങള്‍ വെള്ളത്തില്‍

  • 11/09/2021


ന്യൂഡല്‍ഹി: 46 വര്‍ഷത്തിനിടയില്‍ ലഭിച്ച റെക്കോര്‍ഡ്​ മഴയില്‍ വലഞ്ഞ്​ ഡല്‍ഹി. ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്‍റെ ടെര്‍മിനലിലും റണ്‍വേയിലും വെള്ളം കയറി. നിരവധി വിമാനങ്ങള്‍ വൈകുകയും വഴിതിരിച്ച്‌​ വിടുകയും ചെയ്​തു. റോഡുകളിലും വെള്ളം നിറഞ്ഞതോടെ ഗാതാഗതക്കുരുക്ക്​ രൂക്ഷമായി. 

കനത്ത മഴയെതുടര്‍ന്ന് ഡല്‍ഹിയില്‍ ഓറഞ്ച്​ അലര്‍ട്ട്​ പ്രഖ്യാപിച്ചു. ​വെള്ളിയാഴ്ചയോടെ 1100 മില്ലിമീറ്റര്‍ മഴ ഈ മണ്‍സൂണ്‍ കാലത്ത്​ ലഭിച്ചുകഴിഞ്ഞു. ഇത്രയുമധികം മഴ ഇതിന്​ മുമ്ബ്​ ലഭിക്കുന്നത്​ 1975ലാണ്​. അന്ന്​ 1150 മില്ലിമീറ്ററാണ്​ ലഭിച്ചത്​. സാധാരണഗതിയില്‍ മണ്‍സൂണ്‍ കാലത്ത്​ ശരാശരി 648.9 മില്ലിമീറ്റര്‍ മഴയാണ്​ രേഖപ്പെടുത്താറ്​.

എയര്‍പോര്‍ട്ടില്‍ വെള്ളം കയറിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്​. നിരവധി വിമാനസര്‍വിസുകളെയാണ്​ മഴ പ്രതികൂലമായി ബാധിച്ചത്​. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്ബനികള്‍ തങ്ങളുടെ സര്‍വിസുകള്‍ റീഷെഡ്യൂള്‍ ചെയ്​തതായി അറിയിച്ചു. യാത്രക്കാരോട്​ വിമാനങ്ങളുടെ തല്‍സ്​ഥിതി പരിശോധിക്കാനും നിര്‍ദേശം നല്‍കി. ജയ്​പുര്‍, അഹമ്മദാബാദ്​ എന്നിവിടങ്ങളിലേക്കാണ്​ വിമാനങ്ങള്‍ വഴിതിരിച്ച്‌​ വിട്ടത്​.

അതേസമയം, വിമാനത്താവള ടെര്‍മിനലില്‍ വെള്ളം കയറിയത്​ നീക്കിയെന്ന്​ അധികൃതര്‍ അറിയിച്ചു. ജീവനക്കാര്‍ ഒരുമിച്ച്‌​ ചേര്‍ന്ന്​ വെള്ളം നീക്കുകയായിരുന്നു.

ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക്​ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. കഴിഞ്ഞദിവസങ്ങളില്‍ ചെറിയ തോതില്‍ മഴ ലഭിച്ചിരുന്നു. ഇത് നഗരത്തിലെ ചൂടിന് ആശ്വാസം നല്‍കി. എന്നാല്‍, വെള്ളിയാഴ്ച മഴ ഏറെനേരം നീണ്ടുനിന്നതോടെയാണ്​ കാര്യങ്ങള്‍ കൈവിട്ടത്​. അടുത്ത 12 മണിക്കൂര്‍ കൂടി മഴ തുടരും.

Related News