കനത്ത മഴ: ദില്ലി വിമാനത്താവളത്തില്‍ വെള്ളക്കെട്ട്; വിമാന സര്‍വീസുകള്‍ നിര്‍ത്തിയേക്കും

  • 11/09/2021


ന്യൂഡെൽഹി: കനത്ത മഴയെ തുടര്‍ന്ന് ദില്ലി വിമാനത്താവളത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. വിമാനത്താവളത്തിന്‍റെ റണ്‍വേയിലടക്കം വെള്ളക്കെട്ടാണ്. വിമാന സര്‍വീസുകള്‍ നിര്‍ത്തിയേക്കും. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നാല് ആഭ്യന്തര വിമാന സർവീസുകളും ഒരു അന്താരാഷ്ട്ര സർവീസും ദില്ലിയിൽ നിന്ന് ജയ്പൂറിലേക്കും അഹമ്മദാബാദിലേക്കും തിരിച്ചുവിട്ടു.

കഴിഞ്ഞ രാത്രി മുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് രാജ്യ തലസ്ഥാനത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത 12 മണിക്കൂർ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മണിക്കൂറിൽ 20 മുതൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. 2003ലെ റെക്കോർഡ് ഭേദിച്ചാണ് മഴ തുടരുന്നത്. അന്ന് 1050 മിമി മഴ കിട്ടിയെങ്കില്‍ ഇക്കുറി ഇതിനോടകം 1100 മിമി മഴ പെയ്തതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്ക്. 

മോത്തിബാഗ്, ആർകെ പുരം, നോയിഡ, ദ്വാരക തുടങ്ങി വിവിധ പ്രദേശങ്ങളില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. നഗരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷമാണ്. ദില്ലിയെ കൂടാതെ ഒഡീഷ, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്

Related News