രാജ്യതലസ്ഥാനത്ത് നിരോധിത മയക്കുമരുന്നായ ഹെറോയിന്‍ വിതരണം നടത്തിയ മൂന്നുപേര്‍ പിടിയില്‍

  • 12/09/2021


ന്യൂഡെൽഹി: രാജ്യതലസ്ഥാനമായ ഡെൽഹിയില്‍ നിരോധിത മയക്കുമരുന്നായ ഹെറോയിന്‍ വിതരണം നടത്തിയ മൂന്നുപേര്‍ പിടിയില്‍. ഡെൽഹി ക്രൈംബ്രാഞ്ചാണ് ഇവരെ ഞായറാഴ്ച പിടികൂടിയത്. ഇവരില്‍ നിന്നും 1.1 കിലോ ഹെറോയിന്‍ കണ്ടെത്തി. ഇത് അന്താരാഷ്ട്ര വിപണിയില്‍ ഏതാണ്ട് 2 കോടി രൂപ വിലവരും എന്നാണ് പൊലീസ് പറയുന്നത്.

സുല്‍ത്താന്‍പുരി സ്വദേശിയായ ഹുക്കം ചന്ദ് (42), രോഹിത്ത് എന്നിവരെയും, ഉത്തര്‍പ്രദേശ് ബറേലി സ്വദേശിയായ ഷാഹീദ് ഖാന്‍ (58) എന്നിവരെയാണ് പിടികൂടിയത് എന്നാണ് ഡെൽഹി പൊലീസ് അറിയിക്കുന്നത്. ഇതില്‍ ചന്ദിനെ കഴിഞ്ഞമാസം പതിനാറിന് തന്നെ സുല്‍ത്താന്‍പുരിയിലെ ധന്‍ ധന്‍ സദ്ഗുരു പാര്‍ക്കിന് അടുത്ത് വച്ച് കസ്റ്റഡിയില്‍ എടുത്തു. ഇയാളില്‍ നിന്നും ഒരു കിലോ ഹെറോയിന്‍ പിടികൂടി.

ഇയാളില്‍ നിന്നും ലഭിച്ച വിവരം അനുസരിച്ചാണ് രോഹിത്തിനെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 100 ഗ്രാം ഹെറോയിന്‍ പിടികൂടി. പിന്നീട് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ബറേലി സ്വദേശിയായ ഖാന്‍ ആണ് ഇവര്‍ക്ക് മയക്കുമരുന്ന് നല്‍കിയത് എന്ന് അറിഞ്ഞത്. ബറേലിയില്‍ അന്വേഷിച്ചപ്പോള്‍ ആഗസ്റ്റ് 18ന് ബറേലി ഫത്ത്ഗഞ്ച് ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും 20 കിലോ ഹെറോയിനുമായി ഇയാള്‍ പിടിയിലായിരുന്നു.

സെപ്തംബര്‍ 1ന് ഇയാളെ ഉത്തര്‍പ്രദേശ് പൊലീസില്‍ നിന്നും അറസ്റ്റ് ചെയ്തു വാങ്ങിയ ഡെൽഹി പൊലീസ് കഴിഞ്ഞ ദിവസം ഇവരെ മൂന്നുപേരെയും കോടതിയില്‍ ഹാജറാക്കി കസ്റ്റഡിയില്‍ വാങ്ങി. ചോദ്യം ചെയ്യലില്‍ ഹെറോയിന്‍ ഉറവിടം ഖാന്‍ വ്യക്തമാക്കിയെന്നാണ് ഡെൽഹി പൊലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്‍റെ ഭാഗമായി ബറേലിയിലും യുപിയുടെ പലഭാഗങ്ങളിലും പരിശോധനകളും, അറസ്റ്റും നടന്നതായും റിപ്പോര്‍ട്ടുണ്ട്.

Related News