സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി ലഭ്യമാക്കുന്നതിനുള്ള വന്‍ പദ്ധതികളുമായി യുഎഇ

  • 13/09/2021


അബുദാബി: യുഎഇയില്‍ അടുത്ത അഞ്ച് വര്‍ഷത്തിനിടെ 75,000 സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി ലഭ്യമാക്കുന്നതിനുള്ള വന്‍ പദ്ധതികളുമായി യുഎഇ ഭരണകൂടം. രാഷ്‍ട്രരൂപീകരണത്തിന്റെ 50-ാം വാര്‍ഷികാഷോഘങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന 50 ഇന പരിപാടികളുടെ ഭാഗമാണിത്. കഴിഞ്ഞ ദിവസം അബുദാബിയില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനവും നടന്നു.

അബുദാബിയിലെ ഖസ്‍ര്‍ അല്‍ വത്വനില്‍ വെച്ച് യുഎഇ ക്യാബിനറ്റ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന സദസിന് മുന്നിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. സ്വദേശികളുടെ തൊഴില്‍ നൈപ്യുണ്യം ഉറപ്പാക്കുന്നതിന് എമിറാത്തി ടാലന്റ് കോംപറ്റീറ്റീവ്‍നെസ് കൌണ്‍സില്‍ രൂപീകരിക്കും. 

സർവകലാശാലാ വിദ്യാര്‍ത്ഥികള്‍ക്കും അടുത്തിടെ ബിരുദം നേടിയവര്‍ക്കും മൈക്രോ ലോണുകള്‍ ലഭ്യമാക്കാന്‍ 100 കോടി ഡോളറിന്റെ അലുംനി ഫണ്ട് നീക്കിവെയ്‍ക്കും. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക് മക്കളുടെ പരിചരണത്തിനായി ഓരോ കുട്ടിക്കും 800 ദിര്‍ഹം വീതം നല്‍കും. 

ഇങ്ങനെ ഒരാളിന് പരമാവധി പ്രതിമാസം 3200 ദിര്‍ഹം വരെ നല്‍കാന്‍ 125 കോടി ദിര്‍ഹം നീക്കിവെയ്‍ക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്വകാര്യ മേഖലയിലെ വിദഗ്ധ തൊഴിലുകളില്‍ 10 ശതമാനം സ്വദേശികളെ നിയമിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ക്യാബിനറ്റ് അഫയേഴ്‍സ് മന്ത്രി മുഹമ്മദ് അബ്‍ദുല്ല അല്‍ ഗര്‍ഗാവി പറഞ്ഞു.

അഞ്ച് വര്‍ഷത്തിനിടെ 10,000 സ്വദേശി നഴ്‍സുമാരെ നിയമിക്കാനും പദ്ധതിയുണ്ട്. ഇതിനായി മൂന്ന് തലങ്ങളിലെ പരിശീലനം നല്‍കും. നഴ്‍സിങ് ബിരുദ കോഴ്‍സിന് പുറമെ ഹെല്‍ത്ത് അസിസ്റ്റന്റ്സ്, എമര്‍ജന്‍സി മെഡിസിന്‍ ഹയര്‍ ഡിപ്ലോമ എന്നീ കോഴ്‍സുകളും ആരംഭിക്കും. വിവിധ തൊഴിലുകള്‍ക്കായി 12 മാസം വരെയുള്ള പരിശീലന പരിപാടികള്‍ സ്വകാര്യ, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തും. 

ഇതിൽ പരിശീലനത്തിനെത്തുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കും. സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 8000 രൂപയായിരിക്കും ശമ്പളം നല്‍കുക. തൊഴില്‍ ലഭിച്ച് ആദ്യത്തെ അഞ്ച് വര്‍ഷവും സ്വദേശികള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക പിന്തുണ നല്‍കും. പ്രതിമാസം പരമാവധി 5000 ദിര്‍ഹം വരെ ഇങ്ങനെ നല്‍കും. 

Related News