അബുദാബിയില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.2 ശതമാനം

  • 13/09/2021


അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.2 ശതമാനം മാത്രമെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് പ്രതിരോധം ലക്ഷ്യമിട്ട് എമിറേറ്റില്‍ കൊണ്ടുവന്ന കര്‍ശന പ്രതിരോധ മാര്‍ഗങ്ങളുടെ ഫലമായാണ് ഇത്തരമൊരു നേട്ടം കൈവരിക്കാനായത്.

കൊവിഡ് പ്രതിരോധം ലക്ഷ്യമിട്ട് ശക്തമായ നടപടികളാണ് അബുദാബിയില്‍ സ്വീകരിച്ചത്. സമൂഹത്തിലെ എല്ലാവര്‍ക്കും വാക്സിനെത്തിക്കാനുള്ള ഊര്‍ജിത ശ്രമങ്ങളായിരുന്നു ഇതില്‍ പ്രധാനം. രോഗം ഗുരുതരമാവാന്‍ സാധ്യതയുള്ളവരെ പ്രത്യേകമായി ലക്ഷ്യംവെച്ചുകൊണ്ട് പ്രവര്‍ത്തിക്കാനും ശ്രദ്ധിച്ചു. നിരന്തര പരിശോധനകളും പോസിറ്റീവാകുന്നവരുടെ സമ്പര്‍ക്കങ്ങള്‍ ശാസ്‍ത്രീയമായി കണ്ടെത്തി രോഗവ്യാപനം തടയാനും അതീവ ജാഗ്രത പുലര്‍ത്തി. 

പൊതുസ്ഥലങ്ങളിലെ പ്രവേശനത്തിന് ഗ്രീന്‍ പാസ് ഏര്‍പ്പെടുത്തുക വഴി രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനും സാധിച്ചു. പൊതുസ്ഥലങ്ങളിലെ ആളുകളുടെ എണ്ണം സംബന്ധിച്ച നിരീക്ഷണം നടത്തി ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. രോഗബാധിതരെ കണ്ടെത്താന്‍ ഇ.ഡി.ഇ സ്‍കാനറുകള്‍ പോലുള്ള അത്യാധുനിക സംവിധാനങ്ങള്‍ വ്യാപകമാക്കുകയും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുകയും ചെയ്‍തതോടെയാണ് വൈറസ് വ്യാപനത്തില്‍ കാര്യമായ കുറവുണ്ടായിരിക്കുന്നത്.

നിര്‍ദേശങ്ങള്‍ പാലിക്കുകയും എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുകയും ചെയ്‍ത ജനങ്ങളോട് അധികൃതര്‍ നന്ദി അറിയിച്ചു. കൊവിഡില്‍ നിന്ന് പൂര്‍ണമായ മോചനം സാധ്യമാകുന്നതുവരെ പരിപരിപൂര്‍ണ സഹകരണം തുടരണമെന്നും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 

Related News