സൗദി അറേബ്യയുടെ ദേശീയ ദിനം വിപുലമായി ആഘോഷിച്ച് യുഎഇ

  • 23/09/2021


അബുദാബി: സൗദി അറേബ്യയുടെ 91-ാം ദേശീയ ദിനത്തിൽ യുഎഇയിലും വിപുലമായ ആഘോഷ പരിപാടികള്‍. മൂന്ന് മിനിറ്റ് വെടിക്കെട്ട് ഉള്‍പ്പെടെ നിരവധി പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി യുഎഇയില ഒരുക്കിയിട്ടുണ്ട്. ബുര്‍ജ് ഖലീഫയിലടക്കം രാജ്യത്തെ പ്രധാന കേന്ദ്രങ്ങള്‍ സൗദി ദേശീയ പതാകയുടെ നിറമണിയും.

രാത്രി എട്ടു മണിക്കാണ് ബുര്‍ജ് ഖലീഫയില്‍ സൗദി ദേശീയ പതാക പ്രദര്‍ശിപ്പിക്കുക. ദുബൈ ഫൗണ്ടനിലും പ്രത്യേക പരിപാടി ക്രമീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ പാം ഫൗണ്ടനില്‍ എട്ടു മണി മുതല്‍ ഓരോ മണിക്കൂറിലും പ്രത്യേക ഷോ ഉണ്ടാകും. മ്യൂസിയം ഓഫ് ദ ഫ്യൂച്ചര്‍, സ്‌കൈ ദുബൈ എന്നിവിടങ്ങള്‍ പച്ച നിറമണിയും.

സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ ഡോള്‍ഫിനേറിയത്തില്‍ ഡോള്‍ഫിന്‍ ആന്‍ഡ് സീല്‍ ഷോ കാണുന്നതിനുള്ള ടിക്കറ്റ് നിരക്കില്‍ സെപ്തംബര്‍ 23 മുതല്‍ 25 വരെ 50 ശതമാനം ഇളവുണ്ട്. ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കാന്‍ ഉപഭോക്താക്കള്‍ DTCM50 എന്ന പ്രൊമോ കോഡ് ഉപയോഗിക്കുക.

യുഎഇ ഭരണാധികാരികള്‍ സൗദിക്ക് ദേശീയ ദിനാശംസകള്‍ നേര്‍ന്നു. സൗദി ദേശീയ ദിനം പ്രിയപ്പെട്ടതാണെന്നും സാഹോദര്യം പുതുക്കുന്ന അവസരമാണെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ കുറിച്ചു. 

Related News