ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽനിന്ന് വരുന്നവർ 4, 8 ദിവസങ്ങളിൽ പിസിആർ ടെസ്റ്റ് എടുക്കണമെന്ന് യുഎഇ

  • 23/09/2021


അബുദാബി: ഇന്ത്യ ഉൾപ്പെടെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽനിന്ന് യുഎഇയിൽ എത്തുന്ന വാക്സീൻ എടുത്ത താമസവീസക്കാർ 4, 8 ദിവസങ്ങളിൽ പിസിആർ ടെസ്റ്റ് എടുക്കണം. ഏതു എമിറേറ്റ് വീസക്കാർക്കും  ഇതു ബാധകമാണ്. ഇതേസമയം വാക്സീൻ എടുക്കാത്ത താമസ, സന്ദർശക വീസക്കാർ ഒൻപതാം ദിവസം പിസിആർ എടുക്കണം.

ഫലം നെഗറ്റീവാണെങ്കിൽ 10–ാം ദിവസം പുറത്തിറങ്ങാം. യുഎഇ അംഗീകരിച്ച വാക്സീനെടുത്ത് സന്ദർശക വീസയിലെത്തുന്ന ഇന്ത്യക്കാർക്ക് ആറാം ദിവസമാണ് പിസിആർ പരിശോധന. സന്ദർശക വീസക്കാർക്ക് റജിസ്റ്റർ ചെയ്ത മൊബൈലിൽ സന്ദേശം ലഭിക്കും. താമസ വീസക്കാർ അൽഹൊസൻ ആപ്പിലാണ് നോക്കേണ്ടത്.

യുഎഇയിൽ തിരിച്ചെത്തുന്ന താമസ വീസക്കാർ വിമാനത്താവളത്തിലെ പരിശോധന കഴിയുന്നതോടെ അൽഹൊസനിൽ പച്ച തെളിയും. 2 ഡോസ് വാക്സീൻ എടുത്തവരെങ്കിൽ ക്വാറന്റീൻ ഇല്ല. എന്നാൽ 4, 8 ദിവസങ്ങളിൽ തുടർ പിസിആർ പരിശോധന വേണം എങ്കിലേ അൽഹൊസൻ ആപ്പ് അപ്ഡേറ്റ് ആകൂ.

ഇത്തരമൊരു എസ്എംഎസ് സന്ദേശം ലഭിക്കില്ലെങ്കിലും അൽഹൊസൻ ആപ്പിൽ വ്യക്തമായി കാണാം. ഇക്കാര്യം ശ്രദ്ധിക്കാതിരുന്ന പലരും പിഴ വരുമോ എന്ന ഭീതിയിലാണ്. 

അതേസമയം, ഗ്രീൻ പട്ടിക രാജ്യങ്ങളിൽനിന്നു വരുന്നവർക്ക് ആറാം ദിവസം പിസിആർ ടെസ്റ്റ് എടുക്കണം. വിമാനത്താവളത്തിൽ ഇറങ്ങിയതുമുതലാണ് ദിവസം കണക്കാക്കേണ്ടത്.

Related News